12:04pm 12 November 2026
NEWS
തിരുവനന്തപുരം കോർപറേഷനിൽ വി വി രാജേഷ് മേയറാകും
25/12/2025  04:37 PM IST
nila
തിരുവനന്തപുരം കോർപറേഷനിൽ വി വി രാജേഷ് മേയറാകും

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ പ്രമുഖ നേതാവ് വി വി രാജേഷ് മേയറാകും. വി.വി.രാജേഷിനെ മേയർ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു. കൊടുങ്ങാനൂർ വാർഡിൽനിന്നാണ് വി വി രാജേഷ് വിജയിച്ചത്. കരുമം മണ്ഡലത്തിൽനിന്നു വിജയിച്ച ആശാനാഥ് ഡപ്യൂട്ടി ചെയർമാനാകും. 

 മുൻ ഡിജിപി ആർ.ശ്രീലേഖയുടെ പേരും മേയർ പദവിയിലേക്ക് പരി​ഗണിക്കപ്പെട്ടിരുന്നു. എന്നാൽ, രാഷ്ട്രീയരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയമാണ് രാജേഷിന് അനുകൂലമായത്. ഭൂരിഭാഗം കൗൺസിലർമാരുടെയും പിന്തുണ രാജേഷിനായിരുന്നു.

ആർ. ശ്രീലേഖ മേയറും ഡെപ്യൂട്ടി മേയറുമാകില്ലെന്ന് ഉറപ്പായതോടെ രാവിലെ മുതിർന്ന നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്ന് മേയറെയും നേമം മണ്ഡലത്തിൽനിന്ന് ഡപ്യൂട്ടി മേയറെയുമാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ ശ്രീലേഖയെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. 

മറ്റു മുന്നണികളിൽനിന്ന് കരുത്തരായ നേതാക്കൾ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട് എത്തിയിരിക്കുന്ന സാഹചര്യത്തിൽ അവരെ നേരിടാൻ രാഷ്ട്രീയ പരിചയമുള്ള ഒരാൾ തന്നെ മേയറായി എത്തണമെന്ന പൊതുഅഭിപ്രായമാണ് ബിജെപിയിൽ ഉയർന്നത്. ആർഎസ്എസിന്റെ പിന്തുണയും രാജേഷിന് അനുകൂലമായി. ബിജെപി സംസ്ഥാന സെക്രട്ടറിയായ രാജേഷ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷം കോർപറേഷനിൽ അഴിമതി ആരോപണം ഉൾപ്പെടെ ഉന്നയിച്ച് രാജേഷിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ ബിജെപി സംഘടിപ്പിച്ചിരുന്നു.

101 അംഗ കോർപ്പറേഷനിൽ 50 സീറ്റുകളാണ് ബിജെപിക്കുള്ളത്. 51 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സ്വതന്ത്രന്റെ പിന്തുണ നേടി മാജിക് നമ്പർ കണ്ടെത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞത്തെ ഫലവും നിർണായകമാകും.

കോർപറേഷനുകളിലെ മേയർ, ഡപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റി ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് 26ന് നടക്കും. മേയർ, ചെയർപഴ്സൻ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡപ്യൂട്ടി മേയർ, വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img