വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു

വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള എക്സിലെ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് വി.ടി. ബൽറാം സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞത്. കോൺഗ്രസ് കേരള എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റാണ് വിവാദമായത്.
ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിറകെയായിരുന്നു ഈ വിവാദ പോസ്റ്റ്. തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബി.ജെ.പി ദേശീയതലത്തിൽ ഈ പോസ്റ്റ് വലിയ ചർച്ചാവിഷയമാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഈ പോസ്റ്റ് പിൻവലിച്ചിരുന്നു.
വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൽറാം സ്ഥാനമൊഴിഞ്ഞത്. സോഷ്യൽ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു











