
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുമ്പോൾ, രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലം. കഴിഞ്ഞ പത്തു വർഷമായി തന്നെ വേട്ടയാടിക്കൊണ്ടിരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഫെബ്രുവരി ഒമ്പതിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെ, മുൻ മന്ത്രി വി.എസ്. ശിവകുമാർ മണ്ഡലത്തിൽ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ്. രാഷ്ട്രീയ പ്രേരിതമായ കേസിലൂടെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഈ വിധിയെന്നും, അതുകൊണ്ട് തന്നെ തന്റെ പഴയ തട്ടകമായ തിരുവനന്തപുരം സെൻട്രലിൽ താൻ തന്നെ മത്സരിക്കുമെന്നും അദ്ദേഹം ഉറച്ച നിലപാടെടുത്തു കഴിഞ്ഞു. ഹൈക്കോടതിയുടെ കർശന ഇടപെടലിനെത്തുടർന്ന് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് ശിവകുമാറിന് നൽകുന്ന രാഷ്ട്രീയ മുൻതൂക്കം ചെറുതല്ല. എന്നാൽ, വിജയസാധ്യതയുടെ പേരിൽ കെ. മുരളീധരനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ ഹൈക്കാമൻഡ് പരിഗണിക്കുന്നുവെന്ന വാർത്തകൾ കോൺഗ്രസ് ക്യാമ്പിൽ ചെറിയ പുകച്ചിലല്ല ഉണ്ടാക്കുന്നത്.
മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന ആന്റണി രാജു തെളിവ് നശിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെടുകയും അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെ മണ്ഡലം ഇപ്പോൾ എംഎൽഎ ഇല്ലാത്ത അവസ്ഥയിലാണ്. ഈ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് സീറ്റ് തിരിച്ചുപിടിക്കാൻ കെ. മുരളീധരനെ കളത്തിലിറക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. മുരളീധരൻ വട്ടിയൂർക്കാവിലേക്ക് മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, തലസ്ഥാനത്തെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായി സെൻട്രലിനെ പാർട്ടി വിലയിരുത്തുന്നു.
ഇതിനിടയിലാണ് യുഡിഎഫ് ഘടകകക്ഷിയായ സിഎംപി (CMP) സി.പി. ജോണിന് വേണ്ടി ഈ സീറ്റിനായി രംഗത്തെത്തിയത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി മുന്നണിക്കായി വിട്ടുവീഴ്ചകൾ ചെയ്യുന്ന തങ്ങൾക്ക് ഇത്തവണ തിരുവനന്തപുരം സെൻട്രൽ വേണമെന്ന കടുത്ത ആവശ്യത്തിലാണ് അവർ. കൂടാതെ കെ.എസ്. ശബരീനാഥൻ, ടി. ശരച്ചന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കളുടെ പേരുകളും പ്രാദേശിക തലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ശിവകുമാറിന് ലഭിച്ച ക്ലീൻ ചിറ്റും, മുരളീധരന്റെ ജനപ്രീതിയും, സി.പി. ജോണിന്റെ അവകാശവാദവും കൂടി ചേരുമ്പോൾ സെൻട്രലിലെ സ്ഥാനാർത്ഥി നിർണ്ണയം യുഡിഎഫ് നേതൃത്വത്തിന് ഒരു കീറാമുട്ടിയായി മാറിയിരിക്കുകയാണ്.










