05:02am 18 September 2026
NEWS
വി എസ്‌: ജനനായകൻ, കേരളത്തിന്റെ വിപ്ലവകാരി
22/07/2025  01:02 PM IST
സുരേഷ് വണ്ടന്നൂർ
വി എസ്‌: ജനനായകൻ, കേരളത്തിന്റെ വിപ്ലവകാരി

കേരള രാഷ്‌ട്രീയത്തിൽ പകരംവെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു വി.എസ്‌. അച്യുതാനന്ദൻ. ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ പേരായിരുന്നു അദ്ദേഹത്തിന്റേത്. ആരോഗ്യപരമായ കാരണങ്ങളാൽ സജീവ രാഷ്‌ട്രീയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും, കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ വിഎസിന്റെ പേര് എന്നും തിളങ്ങിനിൽക്കും. ഓരോ പ്രതിസന്ധിയിലും കേരളം കാതോർത്തത് വിഎസിന്റെ വാക്കുകൾക്കായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തീപ്പന്തം

നാലാം വയസ്സിൽ അമ്മയെയും പതിനൊന്നാം വയസ്സിൽ അച്ഛനെയും നഷ്‌ടപ്പെട്ട വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന ബാലൻ, പിന്നീട് വി.എസ്‌. അച്യുതാനന്ദനായി മാറിയതിന് പിന്നിൽ ത്യാഗനിർഭരമായ ഒരു ജീവിതമുണ്ട്. പി. കൃഷ്‌ണപിള്ളയാണ് അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകിയത്. ജന്മിത്വത്തിനും ദിവാൻ ഭരണത്തിനുമെതിരായ പോരാട്ടങ്ങളിൽ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം പങ്കാളിയായി. ആലപ്പുഴയിലെ ആസ്പിൻവാൾ കമ്പനിയിൽ നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്യുമ്പോളാണ് നാടിന്റെ ദുരിതകഥകൾ അദ്ദേഹം നേരിട്ടറിയുന്നത്. പതിനെട്ട് വയസ്സ് തികയും മുമ്പേ പാർട്ടി അംഗമായ വി.എസ്‌, ക്രൂരമായ മർദനങ്ങളും ജയിൽവാസവും അനുഭവിച്ചു. പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്താത്തതിനെ തുടർന്ന് പോലീസ്‌ അദ്ദേഹത്തിന്റെ കാൽവെള്ളയിൽ ബയണറ്റ് കുത്തിക്കയറ്റിയ സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മാറി ഉടുക്കാൻ മറ്റൊരു വസ്‌ത്രം പോലുമില്ലാതെ, വിശപ്പിന്റെ തീവ്രതയിൽ കാതങ്ങളോളം സഞ്ചരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ധീരന്മാരിൽ അവസാന കണ്ണികളിൽ ഒരാളായിരുന്നു വി.എസ്‌. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ വിഎസിന്റെ ജീവിതത്തിന് ഒരു നിർണ്ണായക സ്ഥാനമുണ്ട്. 1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എം രൂപീകരിക്കാൻ സി.പി.ഐ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഇറങ്ങി വന്ന 32 പേരിൽ ഒരാളായിരുന്നു അദ്ദേഹം. വിഎസിന്റെ വിയോഗത്തോടെ സി.പി.എമ്മിന് രൂപം നൽകിയ കേന്ദ്രനേതാക്കളിൽ ആരും അവശേഷിക്കുന്നില്ല.

ജനകീയ നേതാവ്, പരിസ്ഥിതിയുടെ കാവൽക്കാരൻ

ഏഴാം ക്ലാസ് വരെ മാത്രമാണ് വി.എസ്‌ പഠിച്ചത്. എന്നാൽ തൊഴിലാളികളോട് ഏത് ഭാഷയിൽ സംസാരിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. കർഷക തൊഴിലാളികളെ ആകർഷിക്കുന്ന രീതിയിൽ സ്വന്തം പ്രസംഗ ശൈലിയിൽ പോലും വി.എസ്‌ മാറ്റങ്ങൾ വരുത്തി. നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ജനങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. സി.പി.എമ്മിന്റെ പരമോന്നത സമിതിയായ പി.ബി അംഗമായും കേരള പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ച വി.എസ്‌, ക്രമേണ കേരളം കണ്ട ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായി മാറി.
തൊണ്ണൂറുകളുടെ അവസാനത്തോടെ പരിസ്ഥിതി, പുഴകൾ, പാടങ്ങൾ, സ്ത്രീസമത്വം, മലനിരകളുടെ സംരക്ഷണം എന്നിവയ്‌ക്കായി വി.എസ്‌ ശബ്ദമുയർത്തി. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ദേശീയ തലത്തിൽ നിന്നും അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചു. കയ്യേറ്റ മാഫിയക്കാരും അഴിമതിക്കാരും സ്ത്രീപീഡകരും വി.എസിന്റെ പേര് കേൾക്കുമ്പോൾ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.എസ്‌ നടത്തിയ പ്രവർത്തനങ്ങൾ പശ്ചിമഘട്ട മലനിരകളെയും മതികെട്ടാൻ ചോലയെയും ഒരു പരിധി വരെ സംരക്ഷിക്കാൻ സഹായിച്ചു എന്നത് നിഷേധിക്കാനാവാത്ത വസ്‌തുതയാണ്. 'വെട്ടിനിരത്തൽ' എന്ന് വിമർശകർ പരിഹസിച്ചെങ്കിലും വി.എസ്‌ പറഞ്ഞത് ശരിയായിരുന്നുവെന്ന് പ്രകൃതി ദുരന്തങ്ങൾ തെളിയിച്ചു. പിന്നീട് ആ സമരങ്ങൾക്ക് പിൻതുടർച്ചക്കാരില്ലാതെ പോയത് കേരളത്തിന്റെ ദൗർഭാഗ്യമായി.

മുഖ്യമന്ത്രിയും ഭരണപരിഷ്കാരങ്ങളും

2006-ൽ കേരള മുഖ്യമന്ത്രിയായപ്പോൾ വി.എസ്‌ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരിക്കുമ്പോൾ, ഭരണം കാര്യക്ഷമവും സുതാര്യവുമാക്കാൻ അദ്ദേഹം 13 റിപ്പോർട്ടുകൾ സമർപ്പിച്ചു. എ കെ ജി യെപ്പോലെ ജനങ്ങൾ ആരാധിച്ച നേതാവായിരുന്നു വി.എസ്‌. എന്നും മണ്ണിൽ ചവിട്ടി നിന്ന നേതാവ്.കേരള രാഷ്‌ട്രീയത്തിൽ അതൊരു യുഗമായിരുന്നു. ആ യുഗം അവസാനിക്കുമ്പോൾ കാലം ഒരു നിമിഷമെങ്കിലും നിശ്ചലമാകും. പോരാട്ട വീര്യത്തിന്റെ ആവേശം വാരിവിതറി തങ്കലിപികളിൽ എഴുതപ്പെട്ട കേരളത്തിന്റെ ചരിത്രമായി വി.എസ്‌ ഇനി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img