
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം ഇന്ന് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഇന്നലെ രാത്രിയിൽ എകെജി സെന്ററിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്. ഇന്നു രാവിലെ ഒമ്പതു മണിയോടെ കവടിയാറിലെ വീട്ടിൽ നിന്നും ദർബാർ ഹാളിലേക്കെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ ഇന്നു രാത്രിയോടെ വിലാപയാത്ര എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ആലപ്പുഴ പൊലീസ് റീക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്കരിക്കും. വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.











