04:32pm 10 November 2026
NEWS
വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ മറ്റന്നാൾ നടത്തും
21/07/2025  04:37 PM IST
nila
വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ മറ്റന്നാൾ നടത്തും

അന്തരിച്ച മുതിർന്ന സിപിഎം നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ മറ്റന്നാൾ നടത്തും, മറ്റന്നാൾ വൈകിട്ടോടെയാകും സംസ്കാര ചടങ്ങുകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി. ആശുപത്രിയിൽ ഭൗതിക ശരീരം ഇന്നുതന്നെ തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും. 

എ കെ ജി സെന്ററിലെ പൊതുദർശനത്തിന് ശേഷം ഇന്നു രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലെ പൊതുദർശനം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. 

ഇന്ന് വൈകിട്ട് 3.20 നാണ് വി എസ് വിട പറഞ്ഞത്. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി. കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെയാളായ അദ്ദേഹം 11 വർഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 

1964ൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളാണ്. 1985 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചു. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായി. പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെ ജനകീയനായി. 2016 മുതൽ 2020 വരെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനായിരുന്നു. ഇതിനിടെ പക്ഷാഘാതം സംഭവിച്ചതോടെ 2020ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img