
ലഖ്നൗ: കേരളത്തിൽ ഈഴവനെ ക്ഷേത്ര കഴകമായി നിയമിച്ചതിനെതിരെ തന്ത്രിമാർ പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. വലിയ പരുോഗമനം പറയുന്ന കേരളത്തിൽ ഇന്നും ജാതിചിന്ത വളരെ ശക്തമാണെന്ന് വെളിവാക്കുന്നതായിരുന്നു ഈ സംഭവം. ഇതേ സമയത്താണ് കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും പ്രാകൃതരെന്ന മുദ്രകുത്തുന്ന ഉത്തർപ്രദേശിൽ നിന്നും മറ്റൊരു വാർത്ത പുറത്തുവന്നത്. ഇവിടെ ഒരു ക്ഷേത്രത്തിൽ വിഗ്രത്തിൽ ചാർത്താനുള്ള ഉടായാടകൾ കാലങ്ങളായി നിർമ്മിക്കുന്നത് മുസ്ലീങ്ങളാണത്രെ. ഉത്തർപ്രദേശിലെ വൃന്ദാവൻ ക്ഷേത്രത്തിലാണ് മുസ്ലീം കരകൗശല വിദഗ്ധർ നിർമിച്ച വസ്ത്രങ്ങൾ ശ്രീകൃഷ്ണനെ അണിയിക്കുന്നത്.
മുസ്ലീം കരകൗശല വിദഗ്ധർ നിർമിച്ച വസ്ത്രങ്ങൾ ശ്രീകൃഷ്ണനെ അണിയിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു സംഘടന രംഗത്ത് വന്നെങ്കിലും വൃന്ദാവൻ ക്ഷേത്രത്തിലെ പുരോഹിതർ ഈ ആവശ്യം തള്ളുകയായിരുന്നു. ക്ഷേത്രപാരമ്പര്യങ്ങളിൽ മതപരമായ വിവേചനങ്ങൾക്ക് സ്ഥാനമില്ലെന്നായിരുന്നു പുരോഹിതരുടെ നിലപാട്. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘർഷ് ന്യാസിന്റെ നേതാവ് ദിനേശ് ശർമയാണ് മുസ്ലീം കരകൗശല വിദഗ്ധർ നിർമിച്ച വസ്ത്രങ്ങൾ ശ്രീകൃഷ്ണനെ അണിയിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടത്.
മുസ്ലീങ്ങൾ നിർമിച്ച വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും 'മതപരമായി ശുദ്ധി' പാലിക്കുന്നവർ മാത്രമേ ശ്രീകൃഷ്ണ വസ്ത്രങ്ങൾ നിർമ്മിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ക്ഷേത്രം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവർ മാംസം കഴിക്കുന്നവരും ഹിന്ദു പാരമ്പര്യങ്ങളെയും ഗോ സംരക്ഷണത്തെയും മാനിക്കാത്തവരാണ്. അത്തരക്കാർ നിർമിക്കുന്ന വസ്ത്രങ്ങൾ ഹിന്ദു ദൈവങ്ങൾക്ക് വേണ്ടതില്ലെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘർഷ് ന്യാസ് പറയുന്നു. തങ്ങളുടെ ആവശ്യം അവഗണിച്ചാൽ ശക്തമായ സമരം അരംഭിക്കുമെന്നും ക്ഷേത്രം അധികൃതർക്ക് അയച്ച കത്തിൽ ദിനേശ് ശർമ പറയുന്നു
എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര പൂജാരി ജ്ഞാനേന്ദ്ര കിഷോർ ഗോസ്വാമി പറഞ്ഞു. തങ്ങൾക്ക് ഒരു സമൂഹത്തോടും വിവേചനം ഇല്ലെന്നും കരകൗശല വിദഗ്ധരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'പാപിയായ കംസൻ ശ്രീകൃഷ്ണന്റെ മുത്തച്ഛനായ ഉഗ്രസേനന്റെ അതേ വംശപരമ്പരയിലാണ് ജനിച്ചതെങ്കിൽ, വിഷ്ണുവിന്റെ മഹാഭക്തനായ പ്രഹ്ലാദൻ ഹിരണ്യകശിപു എന്ന അസുരന്റെ മകനാണെങ്കിൽ, കരകൗശല വിദഗ്ധരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ വിലയിരുത്താൻ കഴിയും,'-ഗോസ്വാമി ചോദിച്ചു.
മുസ്ലീം കരകൗശല വിദഗ്ധരുടെ ആഴത്തിലുള്ള സംഭാവനകളും കിഷോർ ഗോസ്വാമി എടുത്തുപറഞ്ഞു. വൃന്ദാവനത്തിൽ ദൈവങ്ങൾക്കുള്ള കീരീടവും വസ്ത്രങ്ങളും നിർമിക്കുന്നത് മുസ്ലീം കരകൗശലവിദഗ്ധരാണ്. കാശിയിൽ ശിവിന് പവിത്രമായ രുദ്രാക്ഷമാലകൾ നിർമിക്കുന്നത് മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.











