05:56pm 26 September 2026
NEWS
സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയിൽ; ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് വീണ് സന്യാസിക്ക് ദാരുണാന്ത്യം
26/09/2026  04:37 PM IST
nila
സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയിൽ; ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് വീണ് സന്യാസിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനിൽ ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് വീണ് 25കാരനായ സന്യാസി മരിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ദീപക് ലോധി എന്ന രസിക് ദുലാരി ശരൺ ആണ് മരിച്ചത്. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായിരുന്നു ഇയാൾ.

വെള്ളിയാഴ്ചയാണ് ഗുരുകൃപാ കുഞ്ച് ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് ദീപക് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും ഗുരുതര പരിക്കേറ്റിരുന്നു. സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ആശ്രമത്തിൽനിന്ന് ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ദീപക് ലോധിയാണെന്ന് തിരിച്ചറിഞ്ഞത്. കേളി കുഞ്ചുമായി ബന്ധപ്പെട്ട ഗുരുകൃപാ കുഞ്ച് ആശ്രമത്തിലായിരുന്നു ഇയാളുടെ താമസം.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയതാകാമെന്നാണ് വിലയിരുത്തൽ. സംഭവസ്ഥലത്തുനിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

അനിരുദ്ധ് കുമാർ പാണ്ഡെ എന്നാണ് സന്ത് പ്രേമാനന്ദ് മഹാരാജിന്റെ യഥാർഥ പേര്. പിന്നീട് സന്യാസജീവിതം സ്വീകരിച്ചതോടെയാണ് പ്രേമാനന്ദ് എന്ന പേര് സ്വീകരിച്ചത്. പ്രഭാഷണങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ അനുയായിവൃന്ദമുണ്ട്.

പ്രേമാനന്ദ് മഹാരാജിന്റെ 'ശ്രീ ഹിറ്റ് രാധാ കേളി കുഞ്ച്' ആശ്രമത്തിലെ സത്സംഗത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ദിവസവും നിരവധി ഭക്തരാണ് വൃന്ദാവനിലെത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img