
ചേർത്തല: യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാർ ചമച്ച് വൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളി സ്വദേശി പി. പ്രദീപ് കുമാറിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വിപിവിവി കമ്പനിയുടെ കേരള കോഓർഡിനേറ്ററാണ് പ്രദീപ് കുമാർ. വർക്കല വടശേരിക്കോണം സ്വദേശി എ.എം. മുനീറിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് നടപടി.
ചേർത്തല റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് പ്രദീപ് കുമാർ എത്തിയത്. ഇവിടെവച്ച് മുനീർ ഇയാളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഹോട്ടലിലുള്ളവരുടെ സഹായത്തോടെ പ്രദീപിനെ തടഞ്ഞുവച്ച ശേഷം മുനീർ ചേർത്തല പൊലീസിനെ വിവരമറിയിച്ചു.
ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്ത പ്രദീപിനെ പിന്നീട് വർക്കല പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
യുഎസ് പ്രതിരോധ വകുപ്പിൽനിന്ന് വൻകിട കരാറുകൾ ലഭിച്ചിട്ടുണ്ടെന്നും ഒരു കോടി രൂപ നിക്ഷേപിച്ചാൽ 5,000 കോടി രൂപയുടെ ഉപകരാറും 25 ശതമാനം ലാഭവും ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് മുനീറിൽനിന്ന് പണം വാങ്ങിയതെന്നാണ് പരാതി.
വർക്കലയിൽ 350 കോടി രൂപ ചെലവിൽ നടപ്പാക്കുന്നുവെന്ന് പറഞ്ഞ ‘ശിവപുരി ക്ഷേത്ര നിർമാണ പദ്ധതി’യിൽ പങ്കാളിയാക്കാമെന്നും പ്രതികൾ വാഗ്ദാനം ചെയ്തിരുന്നതായി മുനീർ പൊലീസിന് മൊഴി നൽകി.
വിപിവിവി ടെക്നോ കൺസ്ട്രക്‌ഷൻസ് കമ്പനിയുടെ ചെയർമാനും കേസിലെ മുഖ്യപ്രതിയുമായ വെങ്കിട്ട വെങ്കിട്ട്, കേരള കോഓർഡിനേറ്റർ ജി.എസ്. ബിജു, തട്ടിപ്പിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ. സാബ്, യെലതി പദ്മരാജ് ഗോപാൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
കേസിലെ മുഖ്യപ്രതിയായ വെങ്കിട്ട വെങ്കിട്ടിനെ ഈ മാസം ആദ്യം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കമ്പനി ഡയറക്ടർമാരായ ഡൽഹി സ്വദേശി ഹിതേഷ് കുമാർ, എറണാകുളം കൂത്താട്ടുകുളം സ്വദേശി രാഹുൽ രാജീവ് നായർ എന്നിവരും കേസിൽ പ്രതികളാണ്. ഇവർ നിലവിൽ ജാമ്യത്തിലാണ്.
വെങ്കിട്ട വെങ്കിട്ട്, പി. പ്രദീപ് കുമാർ, മറ്റൊരു കോഓർഡിനേറ്ററായ വിനോദ് വാരിയർ എന്നിവർ തങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ‘വിപിവിവി’ എന്ന പേരിൽ കമ്പനി രൂപീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.










