02:55pm 12 November 2026
NEWS
എം.ടി.എച്ച് ക്രിക്കറ്റ് ടൂർണമെൻറിൽ വി.പി.എസ് ലേക്‌ഷോര്‍ ജേതാക്കൾ
07/01/2026  06:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എം.ടി.എച്ച് ക്രിക്കറ്റ് ടൂർണമെൻറിൽ വി.പി.എസ് ലേക്‌ഷോര്‍ ജേതാക്കൾ

കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സംഘടിപ്പിച്ച ഡോ. വർഗീസ് പുളിക്കൽ മെമ്മോറിയൽ എം.ടി.എച്ച് സീസൺ വൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ജേതാക്കളായി. തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് ടീമിനെ പരാജയപ്പെടുത്തിയാണ് വി.പി.എസ് ലേക്‌ഷോര്‍ കിരീടത്തിൽ മുത്തമിട്ടത്. 

ഏഴ് ഓവറായി ചുരുക്കിയ ഫൈനൽ മത്സരത്തിൽ, ആദ്യം ബാറ്റിങിനിറങ്ങിയ ആസ്റ്റർ മിംസ് ടീം 6.5 ഓവറിൽ 58 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങിനിറങ്ങിയ വി.പി.എസ് ലേക്‌ഷോര്‍ 6.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടി വിജയം കൈപ്പിടിയിലാക്കി. 
രണ്ട് ഓവറിൽ 14 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത വി.പി.എസ് ലേക്‌ഷോറിലെ മുഹമ്മദ് ഫിജാസും രണ്ട് ഓവറിൽ മൂന്ന് വിക്കറ്റുകൾ നേടിയ ഹേമന്ദുമാണ് കോഴിക്കോട് ആസ്റ്റർ മിംസിന്‍റെ മുന്നേറ്റം തകർത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ലേക്‌ഷോര്‍ ടീമിന്‍റെ പ്രധാന കളിക്കാരുടെ വിക്കറ്റുകൾ  തുടക്കത്തിൽ വീണെങ്കിലും, ക്യാപ്റ്റൻ സുധി അപ്പുവും (27 റൺസ്), കെ.ജെ. ജിപ്സണും (19 റൺസ്) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മുഹമ്മദ് ഫിജാസാണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. 

സെമി, ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വെടിക്കെട്ട് ബാറ്റിങുമായി തിളങ്ങിയ അനിൽ സച്ചു, അമീർ എന്നിവരാണ് ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായകമായത്. സെമി, ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വമ്പൻ സ്കോർ കരസ്ഥമാക്കി ഫൈനലിലെത്തിയ ആസ്റ്റർമിംസിന് ഫൈനലിൽ വി.പി.എസ് ലേക്‌ഷോറിന് മുന്നിൽ അടിയറവ് പറയേണ്ടിവന്നു. 

രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ കൊച്ചി ആസ്റ്റർ മെഡ്സിറ്റി, അൽ അസ്ഹർ മെഡിക്കൽ കോളജ്, കൊച്ചി അമൃത ഹോസ്പിറ്റൽ, അപ്പോളോ അഡ്്ലക്സ്, ഫ്യൂച്ചറൈസ് ഹോസ്പിറ്റൽ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കിൻഡർ ഹോസ്പിറ്റൽ, എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റൽ, റിനൈ മെഡ്സിറ്റി, സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ, രാജഗിരി ഹോസ്പിറ്റൽ, മാർ സ്ലീവ മെഡ്സിറ്റി പാലാ, ലിസി ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് കോട്ടക്കൽ തുടങ്ങി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ഹോസ്പിറ്റലുകളുടെ ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ടീമിനെ അനുമോദിച്ച് സ്വീകരണം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img