10:21am 13 November 2026
NEWS
രോഗികൾക്കും ഭിന്നശേഷിക്കാർക്കും ഇനി പ്ലാറ്റ്ഫോമിൽ സുഗമമായ യാത്ര റെയിൽവേക്ക് വി.പി.എസ് ലേക്‌ഷോർ വീൽചെയറുകൾ കൈമാറി
22/12/2025  05:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രോഗികൾക്കും ഭിന്നശേഷിക്കാർക്കും ഇനി പ്ലാറ്റ്ഫോമിൽ സുഗമമായ യാത്ര; റെയിൽവേക്ക് വി.പി.എസ് ലേക്‌ഷോർ വീൽചെയറുകൾ കൈമാറി
HIGHLIGHTS

വിവിധ റെയിൽവേ സ്റ്റേഷനുകൾക്കായി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി ലഭ്യമാക്കുന്ന വീൽചെയറുകൾ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫന് കൈമാറുന്നു.

കൊച്ചി: രോഗികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് വീൽചെയറുകൾ കൈമാറി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി. പ്ലാറ്റ്ഫോമുകളിലൂടെയും ട്രോളി പാതയിലൂെടയും പരുക്കൻ പ്രതലങ്ങളിലൂടെയും സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന വിധത്തിൽ പ്രത്യേകമായി രൂപകൽപന ചെയ്ത വീൽചെയറുകളാണ് നൽകിയത്. എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫന് വീൽചെയറുകൾ കൈമാറി. എറണാകുളം ജങ്ഷൻ, ടൗൺ, തൃപ്പൂണിത്തുറ, വള്ളത്തോൾനഗർ തുടങ്ങിയ വിവിധ റെയിൽ സ്റ്റേഷനുകളിലായിരിക്കും ഈ വീൽചെയറുകൾ ലഭ്യമാവുക. 

ജനങ്ങൾക്ക് ഗുണപ്രദമാകുന്ന എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാനാകുമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് വി.പി.എസ് ലേക്‌ഷോർ ഇത്തരം സേവന പദ്ധതികൾക്ക് നേതൃത്വം വഹിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള വ്യക്തമാക്കി.  സ്റ്റേഷനിലെത്തുന്ന രോഗികളടക്കം നിരവധിയാളുകൾ നടക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന സ്ഥിതി തിരിച്ചറിഞ്ഞാണ് ഈ പദ്ധതി യാഥാർഥ്യമാക്കാൻ തീരുമാനിച്ചത്. എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ നടക്കുന്ന വിപുലീകരണ പ്രവർത്തനങ്ങൾക്ക് ശേഷം, അധികൃതർ സമീപിക്കുന്ന പക്ഷം വി.പി.എസ് ലേക്‌ഷോറിന്‍റെ ഹെൽത്ത് ബൂത്ത്, ഹെൽത്ത് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

റെയിൽവേ സ്റ്റേഷനിൽ ഉപയോഗിക്കാനാകുന്നതിൽ ഏറ്റവും സുരക്ഷിതമായ വീൽചെയറുകൾ നൽകിയ വി.പി.എസ് ലേക്‌ഷോറിന് നന്ദി പറയുന്നതായി സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ പറഞ്ഞു. വലിയ പരിഗണനയാണ് തങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർക്കും ജീവനക്കാർക്കും വലിയ സേവനമാണ് ഇതിലൂടെ ലേക്‌ഷോര്‍ നൽകിയിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ സുനിൽകുമാർ പറഞ്ഞു.

പ്ലാറ്റ്ഫോമുകളടക്കം ഉപയോഗിക്കേണ്ട സ്ഥലങ്ങൾ പരിശോധിച്ച്, അതിന് അനുയോജ്യമാകും വിധം പ്രത്യേകം നിർമിച്ച വീൽചെയറുകളാണ് കൈമാറിയിരിക്കുന്നതെന്ന് വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഒ ജയേഷ് വി. നായർ പറഞ്ഞു. 

വി.പി.എസ് ലേക്‌ഷോർ സി.എസ്.ആർ കമ്മിറ്റി ചെയർമാൻ അഡ്വ. വേണുഗോപാൽ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ, റെയിൽവേ സ്റ്റേഷൻ കൺസൾട്ടേറ്റിവ് കമ്മിറ്റി പ്രതിനിധിയും കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡൻറുമായ സി.എസ്. കർത്ത, ശ്രീപൂർണത്രയീശ ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡൻറ് കെ.ജി. മധുസൂദനൻ, കൊച്ചി രാജകുടുംബാംഗം കൃഷ്ണദാസ് തമ്പുരാൻ, കൊച്ചിൻ ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സെക്രട്ടറി ശ്രീജിത്ത്, റെയിൽവേ സ്റ്റേഷൻ കൺസൾട്ടേറ്റിവ് കമ്മിറ്റി അംഗവും കൊച്ചിൻ ചേംബർ എക്സി. കമ്മിറ്റി അംഗവുമായ പ്രകാശ് അയ്യർ, ശ്രീപൂർണത്രയീശ ക്ഷേത്രം സബ് കമ്മിറ്റി പ്രതിനിധി ശ്രീലത തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം ജങ്ഷൻ റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം സ്വാഗതവും ചീഫ് കോമേഴ്സ്യൽ ഇൻസ്പെക്ടർ പി.എൻ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img