08:40pm 19 September 2026
NEWS
സൗജന്യ ആൻജിയോഗ്രാം പദ്ധതിയുമായി വി.പി.എസ് ലേക്‌ഷോറിന്‍റെ ഹൃദയസ്പർശം
19/09/2026  07:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ ആൻജിയോഗ്രാം പദ്ധതിയുമായി വി.പി.എസ് ലേക്‌ഷോറിന്‍റെ  ഹൃദയസ്പർശം
HIGHLIGHTS

സൗജന്യ ആൻജിയോഗ്രാം ലഭ്യമാക്കുന്ന ‘ഹൃദയസ്പർശം’ പദ്ധതിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയി നിർവഹിക്കുന്നു. (ഇടത്തുനിന്ന്) ജയേഷ് വി.നായർ, ഡോ. ഡി.എസ് സുജിത്ത്, ഡോ. സുർത റാം വിഷ്ണോയ്, എസ്.കെ. അബ്ദുള്ള, ഡോ. വി. ആനന്ദ് കുമാർ, അഭിഷേക് പൊഡുരി എന്നിവർ സമീപം.

കൊച്ചി: അർഹരായ രോഗികൾക്ക് ആൻജിയോഗ്രാം പരിശോധന സൗജന്യമായി നൽകുന്ന ‘ഹൃദയസ്പർശം’ പദ്ധതി അവതരിപ്പിച്ച് വി.പി.എസ് ലേക്‌ഷോർ ആശുപത്രി. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആൻജിയോഗ്രാം പരിശോധന നടത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് വി.പി.എസ് ലേക്‌ഷോറിന്‍റെ ‘ഹൃദയസ്പർശം’ പദ്ധതി. 

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയി നിർവഹിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആരുടെയും ജീവൻ അപകടത്തിലാകരുതെന്ന വലിയ സന്ദേശമാണ് പദ്ധതിയിലൂടെ വി.പി.എസ് ലേക്‌ഷോർ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കുകയെന്നത് പ്രധാനമാണ്. അർഹരായവരെ കണ്ടെത്തി സൗജന്യ ആൻജിയോഗ്രാം പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലാണ് വി.പി.എസ് ലേക്‌ഷോർ മാനേജ്മെന്‍റ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പൊതുജനങ്ങളോടുള്ള കരുതലിന്‍റെ ഭാഗമായാണ് വി.പി.എസ് ലേക്‌ഷോർ ഹൃദയസ്പർശം പദ്ധതി ആവിഷ്കരിച്ചതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. 

അർഹരായ 50 പേർക്ക് സൗജന്യ ആൻജിയോഗ്രാം പരിശോധന നടത്തുകയും അവരെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. വി. ആനന്ദ് കുമാർ പറഞ്ഞു. മുൻകാലങ്ങളിൽ 60- 70 വയസ്സുള്ളവരിൽ കണ്ടുവന്നിരുന്ന ഹൃദ്രോഗങ്ങൾ ഇന്ന് ചെറുപ്പക്കാരിൽ വ്യാപകമായിരിക്കുകയാണ്. അതിനാൽ ഈ പദ്ധതി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

വി.പി.എസ് ലേക്‌ഷോർ ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി, സി.ഇ.ഓ ജയേഷ് വി. നായർ എന്നിവർ സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് സ്വാഗതവും കാർഡിയോ തൊറാസിക് ആൻഡ് വസ്കുലാർ സർജറി കൺസൾട്ടന്‍റ് ഡോ. ഡി.എസ് സുജിത്ത് നന്ദിയും പറഞ്ഞു. സേവനം ആവശ്യമുള്ളവർ സെപ്റ്റംബർ 30 ന് മുമ്പ്   രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പർ: 99616 40000


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img