02:52pm 07 November 2026
NEWS
പൊതുജനങ്ങൾക്ക് ആശ്വാസമായി വി.പി.എസ് ലേക്‌ഷോർ മെഗാ മെഡിക്കൽ ക്യാമ്പ്.
28/09/2026  11:12 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പൊതുജനങ്ങൾക്ക് ആശ്വാസമായി വി.പി.എസ് ലേക്‌ഷോർ മെഗാ മെഡിക്കൽ ക്യാമ്പ്

 

പ്രത്യേക ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു

കൊച്ചി: നൂറുകണക്കിന് പൊതുജനങ്ങൾക്ക് ആശ്വാസമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ 46, 47 ഡിവിഷനുകളുടെയും പൂണിത്തുറ എൻ എസ് എസ് കരയോഗത്തിൻ്റെയും സഹകരണത്തോടെ പൂണിത്തുറയിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ്.

കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയെന്നതാണെന്ന് മേയർ പറഞ്ഞു. മെഡിക്കൽ ക്യാമ്പുകൾ അത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമാകും. ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ വി.പി.എസ് ലേക്‌ഷോറിനെയും  അതിനായി കൈകോർത്ത പൊതുപ്രവർത്തകരെയും അനുമോദിക്കുകയാണെന്നും മേയർ കൂട്ടിച്ചേർത്തു. 

കൊച്ചി കോർപറേഷൻ നിവാസികൾക്ക് വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും മേയർ നിർവഹിച്ചു. വി.പി.എസ് ലേക്‌ഷോർ കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗം മാനേജർ ടി. അനിൽകുമാറിൽ നിന്നും മേയർ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിൻ്റെ ഭാഗമായാണ് ഹോസ്‌പിറ്റൽ ഈ പദ്ധതികൾക്കൊക്കെ നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 പ്രിവിലേജ് കാർഡ് ഉള്ളവർക്ക് ആശുപത്രിയിൽ ആദ്യ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായിരിക്കും. കൂടാതെ എമർജൻസി വിഭാഗത്തിൽ 50 ശതമാനവും ഓ.പി സേവനങ്ങൾക്ക് 15 ശതമാനവും ഐ.പി യിൽ 10 ശതമാനവും ഇളവ് ലഭിക്കും.


പൂണിത്തുറ എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ് ജയൻ പാലയിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.പി. ചന്ദ്രൻ, സേവ്യർ പി. ആൻ്റണി, എ.രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ആർ. സാഖിൽ, കെ. ആർ. നന്ദകുമാർ, വി.കെ. രവീന്ദ്രനാഥ്, ശ്രീനി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.


കാർഡിയോളജി, ഗൈനക്കോളജി,യൂറോളജി, ഇ.എൻ.ടി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. കൂടാതെ ഹോം കെയർ വിഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img