
കൊച്ചി: പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ തുടങ്ങിയ മെറ്റബോളിക് രോഗങ്ങളുടെ ചികിത്സക്ക് സമഗ്ര മെറ്റബോളിക് ഹെൽത്ത് സെന്ററുമായി വി.പി.എസ് ലേക്ഷോർ ആശുപത്രി. ഏഴ് സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളെ സംയോജിപ്പിച്ച് ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (നവംബർ 20) വൈകിട്ട് നാലിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം നിഖില വിമൽ വിശിഷ്ടാതിഥിയായിരിക്കും. വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിക്കും. ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. റോയ് ജെ. മുക്കട പദ്ധതി വിശദീകരിക്കും. തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് മുഖ്യാതിഥിയാകും. വി.പി.എസ് ലേക്ഷോർ ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ, സി.ഇ.ഒ ജയേഷ് വി.നായർ തുടങ്ങിയവർ പങ്കെടുക്കും.
എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോളജി, നെഫ്രോളജി, ന്യൂട്രീഷൻ, ഫിസിയോതെറാപ്പി, ഗൈനക്കോളജി എന്നീ ഏഴ് വിഭാഗങ്ങളെയാണ് ഏകോപിത ചികിത്സാ സംവിധാനത്തിനായി ഈ സെന്ററിൽ ഒരുമിപ്പിച്ചിരിക്കുന്നത്. രോഗിയുടെ മെറ്റബോളിക് ആരോഗ്യം വിലയിരുത്തി അനുബന്ധ അപകടസാധ്യതകൾ കണ്ടെത്തുകയും സംയോജിത ചികിത്സാ പദ്ധതി തയ്യാറാക്കുകയുമാണ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്.
സെന്ററിലെത്തുന്ന ഓരോ രോഗിയെയും രക്തത്തിന്റെയും യൂറിന്റെയും പരിശോധനകൾ അടങ്ങുന്ന ഒരു സ്റ്റാൻഡേർഡ് മെറ്റബോളിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ, ഹൃദയ-വൃക്ക രോഗങ്ങൾ, രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പേശീക്ഷയം, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്തുന്നതിനാണിത്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ഥ വിഭാഗങ്ങളിൽ കൺസൾട്ടേഷൻ നടത്തുന്നതിന് പകരം രോഗികളെ ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെ അടുത്തേക്ക് മാത്രമായി റഫർ ചെയ്യുന്നതാണ് രീതി.കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിതെന്ന് വി.പി.എസ്. ലേക്ഷോർ ആശുപത്രി വ്യക്തമാക്കുന്നു.
കേരളത്തിൽ വർധിച്ചുവരുന്ന മെറ്റബോളിക് ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഐസിഎംആർ- ഐഎൻഡിഐഎബി (ICMR-INDIAB) ദേശീയ പഠനമനുസരിച്ച് കേരളത്തിലെ പ്രായപൂർത്തിയായവരിൽ 25.5 ശതമാനം പേർക്ക് പ്രമേഹവും 18.3 ശതമാനം ആളുകളിൽ പ്രീ-ഡയബറ്റിസും (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) ഉണ്ട്. ഈ അവസ്ഥകൾ അമിതവണ്ണം, ഫാറ്റി ലിവർ, രക്തസമ്മർദം, ഹൃദ്രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗം നേരത്തെ കണ്ടെത്തി ഏകോപിതമായ ചികിത്സ നൽകുന്നതിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Photo Courtesy - Google







