06:28pm 24 June 2026
NEWS
നൂറ് ഷാർകോട്ട് ഫൂട്ട് റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയകൾ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രമായി വി.പി.എസ് ലേക്‌ഷോര്‍

നൂറ് ഷാർകോട്ട് ഫൂട്ട് റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയകൾ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രമായി വി.പി.എസ് ലേക്‌ഷോര്‍

24/06/2026  04:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നൂറ് ഷാർകോട്ട് ഫൂട്ട് റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയകൾ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രമായി വി.പി.എസ് ലേക്‌ഷോര്‍
HIGHLIGHTS

നൂറ് ഷാർക്കോട്ട് ഫൂട്ട് റീകൺസ്ട്രക്റ്റീവ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി ഡോ. രാജേഷ് സൈമൺ കേക്ക് മുറിക്കുന്നു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്‌ണോയി എന്നിവർ സമീപം.

 

കൊച്ചി: നൂറ് ഷാർകോട്ട് ഫൂട്ട് റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയകൾ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രമായി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ സെന്‍റർ ഓഫ് എക്സലൻസ് ഇൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജറി ആൻഡ് പോഡിയാട്രി. 2022-ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രമാണ് ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് അഭിമാനകരമായ നേട്ടം ആശുപത്രി അധികൃതർ അറിയിച്ചത്.  

പ്രമേഹ രോഗികളിൽ കൃത്യമായ രോഗനിർണയമില്ലാതെ വന്നാൽ, ഗുരുതരമായേക്കാവുന്ന രോഗാവസ്ഥയാണ് ഷാർക്കോട്ട് ഫൂട്ടെന്ന് ആശുപത്രിയിലെ ഫൂട്ട് ആൻഡ് ആങ്കിൾ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. രാജേഷ് സൈമൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ രോഗം കാൽപാദത്തിലെ അസ്ഥികളെയും സന്ധികളെയും ബാധിച്ച് അവയുടെ പ്രവർത്തനം തകരാറിലാക്കിയേക്കാം. ഇതുമൂലം കാൽപാദത്തിന് വൈകല്യം, അസ്ഥിരത, അണുബാധ എന്നിവയുണ്ടാകുന്നു. സമയബന്ധിതമായി രോഗനിർണയവും ചികിത്സയും ലഭിച്ചില്ലെങ്കിൽ കാല് മുറിച്ചുമാറ്റേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം. എന്നാൽ നേരത്തെയുള്ള രോഗനിർണയം, വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള ചികിത്സ രീതി, റീകൺസ്ട്രക്ടീവ് സർജറി എന്നിവയിലൂടെ പാദത്തിന്‍റെ ആരോഗ്യം വീണ്ടെടുത്ത് കാലിനെ സംരക്ഷിക്കാനും രോഗിയുടെ ചലനശേഷി മെച്ചപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാല് മുറിച്ചുമാറ്റേണ്ടി വന്നാൽ പിൽക്കാലത്ത് രോഗിയുടെ ചലനശേഷിയെ അത് ഗുരുതരമായി ബാധിക്കും. ഇത് അകാല മരണസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യൻ ഫെഡറേഷൻ ഓഫ് ഫൂട്ട് ആൻഡ് ആങ്കിൾ സർജൻസിന്‍റെ (AFFAS) വൈസ് പ്രസിഡന്‍റാകുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഡോ. രാജേഷ് സൈമൺ. 

കാലുകളെ സംരക്ഷിക്കുകയും രോഗിയുടെ ജീവൻ രക്ഷിക്കുകയുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഉയർന്ന അപകടസാധ്യതയുള്ള രോഗികളെ തിരിച്ചറിയാനും സങ്കീർണമായ പാദരോഗങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും തങ്ങളുടെ കോംപ്ലക്സ് പോഡിയാട്രിക് ലബോറട്ടറി സഹായിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നടക്കം സങ്കീർണമായ ഫൂട്ട് ആൻഡ് ആങ്കിൾ രോഗങ്ങളുടെ ചികിത്സയ്ക്കായി രോഗികൾ ഇവിടെ എത്തുന്നുണ്ട്. ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ഇതിനനുസരിച്ച് ഷാർകോട്ട് ഫൂട്ട് തിരിച്ചറിയപ്പെടാതെ പോകുന്ന സ്ഥിതിയും കൂടിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കാലിന്‍റെ താഴെയുള്ള ഭാഗം (Lower Limb) മുറിച്ചുമാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരിൽ 50 മുതൽ 70 ശതമാനം വരെ പേരുടെ ദീർഘകാല അതിജീവനസാധ്യത ഗണ്യമായി കുറയുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇവരുടെ ശരാശരി അതിജീവനകാലം ഏഴ് വർഷത്തോളമാണെന്നും റിപ്പോർട്ടുകളുണ്ട്. ശ്വാസകോശ അർബുദവുമായി ബന്ധപ്പെട്ട മരണനിരക്കിന് തൊട്ടുതാഴെയാണ് കാല് മുറിച്ചുമാറ്റലിന് ശേഷമുള്ള മരണനിരക്കെന്നും അദ്ദേഹം വ്യക്തമാക്കി. 

പാദങ്ങളിലെ സെൻസേഷൻ കുറയുന്നതിനാൽ പലപ്പോഴും പ്രമേഹരോഗികൾക്ക് തങ്ങളുടെ കാലുകളിലുണ്ടാകുന്ന പരിക്കുകൾ തിരിച്ചറിയാൻ കഴിയാറില്ലെന്ന് ഫൂട്ട് ആൻഡ് ആങ്കിൾ സർജറി വിഭാഗം കൺസൾട്ടന്‍റ് ഡോ. ഡെന്നിസ് പി. ജോസ് പറഞ്ഞു. അതിനാൽ ചെറിയ പരിക്കുകൾ പലപ്പോഴും ശ്രദ്ധയിൽപ്പെടാതെ പോകുന്നു. ഇതേതുടർന്ന് അൾസർ, അണുബാധ എന്നിവയുണ്ടാകുന്നു. ഇത് ഒടുവിൽ എത്തിച്ചേരുന്നത് കാല് തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയിലായിരിക്കാം. എന്നാൽ, വിശദമായ വാസ്കുലർ, ന്യൂറോപതിക് പരിശോധനകളിലൂടെ അപകടസാധ്യതയുള്ള രോഗികളെ നേരത്തെ തിരിച്ചറിയാനും തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിക്കാനും കഴിയും. ഇതിലൂടെ രോഗമുക്തി നിരക്ക് ഗണ്യമായി മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കാൽപാദം മുറിച്ചുമാറ്റുന്ന സ്ഥിതിയിലേക്ക് പോകേണ്ടി വരുന്ന പ്രമേഹ ബാധിതരെ, അതൊഴിവാക്കി സുരക്ഷിതരാക്കാനുള്ള ആശുപത്രിയുടെ പ്രത്യേക ലക്ഷ്യത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. സമയോചിതമായ ഇടപെടലുകളിലൂടെ നിരവധി രോഗികളെ ഇത്തരത്തിൽ രക്ഷപ്പെടുത്താൻ ഫൂട്ട് ആൻഡ് ആങ്കിൾ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സെന്‍റർ ഓഫ് എക്സലൻസ് ഇൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജറി ആൻഡ് പോഡിയാട്രി വിഭാഗം വി.പി.എസ് ലേക്‌ഷോറിലേതാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നുമുള്ള രോഗികൾ സങ്കീർണമായ ഫൂട്ട് ആൻഡ് ആങ്കിൾ രോഗങ്ങളുടെ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. മുൻകൂട്ടിയുള്ള രോഗനിർണയം, പ്രതിരോധ പരിചരണം, തുടർചികിത്സ സൗകര്യങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തി രോഗികൾക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഷാർകോട്ട് ഫൂട്ടിന്‍റെ ഗുരുതരാവസ്ഥ തടയുന്നതിനും കാൽ മുറിച്ചുമാറ്റേണ്ടതടക്കമുള്ള സങ്കീർണാവസ്ഥ ഒഴിവാക്കുന്നതിനും, മുൻകൂട്ടിയുള്ള രോഗനിർണയത്തിന്‍റെയും കൃത്യമായ ചികിത്സയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ വർധിപ്പിക്കേണ്ടതുണ്ടെന്ന് ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി പറഞ്ഞു. വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയി, കോർപറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img