
മലപ്പുറം: നിയമസഭാ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട്. നിലമ്പൂരിന്റ സമീപ മണ്ഡലങ്ങളായ വണ്ടുർ, ഏറനാട് മണ്ഡലങ്ങളിലെ സ്ഥിര താമസക്കാരായ സിപിഎം പ്രവർത്തകരെ നിലമ്പൂരിലെ വോട്ടർപട്ടികയിൽ തിരുകി കയറ്റുന്നു എന്നാണ് യുഡിഎഫ് ഉയർത്തുന്ന ആരോപണം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് നേതാവ് ഇസ്മായിൽ മൂത്തേടം പറഞ്ഞു.
ഇലക്ഷൻ കമ്മീഷൻ വിളിച്ച രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലും യുഡിഎഫ് ഈ പരാതി ഉന്നയിച്ചിരുന്നു. പരാതികൾ പരിഹരിച്ചാകും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ യുഡിഎഫ് നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. പരാതികൾ തീർപ്പാക്കി അന്തിമ വോട്ടർപട്ടിക മെയ് അഞ്ചിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും. ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിലും സുതാര്യത ഉറപ്പുവരുത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, യുഡിഎഫിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന നിലപാടിലാണ് സിപിഎം. ആരോപണങ്ങളിൽ സിപിഎമ്മിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കട്ടെയെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു. ഇതിലൊന്നും സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം പദ്മാക്ഷൻ പറഞ്ഞു.











