
തിരുവനന്തപുരം: സംസ്ഥാനത്തെ കരട് വോട്ടർപട്ടികയുമായി (SIR) ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കുന്നതിനും നടപടികൾ നിരീക്ഷിക്കുന്നതിനുമായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളുടെ മേൽനോട്ട ചുമതല ഡോ. കെ. വാസുകിക്കാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിലെ പുനഃപരിശോധനാ നടപടികൾക്ക് വാസുകി നേതൃത്വം നൽകും.
ഇരുപത്തിനാലു ലക്ഷത്തിലേറെ വോട്ടർമാരെ ഒഴിവാക്കിയതും 17.78 ലക്ഷം പേരെ സ്ഥിരപ്പെടുത്താത്തതും സംബന്ധിച്ച പരാതികൾ പരിശോധിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽഖർ നിരീക്ഷകരെ നിയോഗിച്ചത്.
പ്രധാന ചുമതലകൾ
യോഗങ്ങൾ: ഡോ. കെ. വാസുകി ജില്ലകൾ സന്ദർശിച്ച് എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തും.
പൊതുജന സമ്പർക്കം: മുൻകൂട്ടി അറിയിക്കുന്ന തീയതികളിൽ പൊതുജനങ്ങളുടെ പരാതികൾ കേൾക്കാൻ യോഗങ്ങൾ സംഘടിപ്പിക്കും.
സൂക്ഷ്മ പരിശോധന: ഏതെങ്കിലും മണ്ഡലത്തിൽ വോട്ടർമാരെ ഒഴിവാക്കിയത് നിശ്ചിത ശതമാനത്തിൽ കൂടുതലാണെങ്കിൽ ഇ.ആർ.ഒമാരുടെ റിപ്പോർട്ടുകൾ നേരിട്ട് പരിശോധിക്കും.
തെളിവെടുപ്പ് വീട്ടിലെത്തും
വോട്ടർപട്ടിക സംബന്ധിച്ച തെളിവെടുപ്പിന് ഹാജരാകാനുള്ള നോട്ടീസ് ബി.എൽ.ഒമാർ നേരിട്ട് വോട്ടർമാരുടെ വീട്ടിലെത്തിക്കും. എന്ത് രേഖയാണ് ഹാജരാക്കേണ്ടതെന്ന വിവരം നോട്ടീസിലുണ്ടാകും. വോട്ടറുടെ ബൂത്തിന് സമീപമുള്ള സ്ഥലത്തായിരിക്കും ഹിയറിംഗ് നടക്കുക.
മറ്റ് നിരീക്ഷകർ
എം.ജി. രാജമാണിക്യം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
കെ. ബിജു: തൃശൂർ, പാലക്കാട്, മലപ്പുറം.
ടിങ്കു ബിസ്വാൾ: കോട്ടയം, ഇടുക്കി, എറണാകുളം.
ഐശ്വര്യ സിംഗ്: കേന്ദ്ര നിരീക്ഷക.
സംസ്ഥാനത്താകെ 5003 പുതിയ ബൂത്തുകൾ കൂടി സജ്ജമാക്കിയതോടെ ആകെ ബൂത്തുകളുടെ എണ്ണം 30,000 ആയി വർദ്ധിച്ചിട്ടുണ്ട്. ബി.എൽ.ഒമാരുടെ ഡ്യൂട്ടി ജനുവരി 22 വരെ നീട്ടിയിരിക്കുകയാണ്.











