
ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിലും ആശങ്കയറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാനെത്തിയ ഇന്ത്യാസഖ്യത്തിന്റെ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽനിന്ന് രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാർച്ചാണ് വിജയ് ചൗക്കിൽ തടഞ്ഞത്. തുടർന്ന് പ്രതിപക്ഷ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊലീസ് നടപടി ഉണ്ടായെങ്കിലും പത്തംഗ പ്രതിപക്ഷസംഘം രാഷ്ട്രപതിഭവനിലേക്ക് നീങ്ങി. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരും സംഘത്തിലുണ്ട്.
സമാജ്വാദി പാർട്ടി നേതാവ് രാജീവ് റായ്, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, ആർജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോൽ തിരുമാളവൻ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന ഇന്ത്യാസഖ്യ എംപിമാരുടെ യോഗത്തിനുശേഷമാണ് മാർച്ച് ആരംഭിച്ചത്. പതിനാറ് പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ നിവേദനത്തിൽ ഒപ്പിട്ടതായാണ് വിവരം. ഏകദേശം 150 എംപിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നിർത്തിവയ്ക്കുക, കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 13 കോടി വോട്ടർമാരെ വീണ്ടും ഉൾപ്പെടുത്തുക എന്നിവയുൾപ്പെടെ മൂന്ന് ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, മാർച്ച് തടഞ്ഞതിനു പിന്നാലെ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ എംപിമാർ വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളിലുള്ള ആശങ്കകൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.










