
ചാരക്കേസിൽ അറസ്റ്റിലായ യുവതി കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെന്ന് റിപ്പോർട്ട്. പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് അറസ്റ്റിലായ ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനമാണ് വിവാദമാകുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. കേരളത്തിലെ ടൂറിസം മേഖലയുടെ പ്രമോഷനായാണ് വ്ലോഗറായ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത്. ടൂറിസം വകുപ്പിന്റെ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സമയത്ത് ജ്യോതി ചാരവൃത്തി നടത്തിയതായി തെളിഞ്ഞിരുന്നില്ല.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായി കേരളത്തിലേക്ക് ക്ഷണിച്ച ജ്യോതിയുടെ യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളെല്ലാം സർക്കാരാണ് വഹിച്ചത്. ജ്യോതിക്ക് ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി. വേതനവും സർക്കാർ നൽകി. ടൂറിസം വകുപ്പ് ഇതിനായി സ്വകാര്യ ഏജൻസിക്ക് കരാർ നൽകുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്.











