01:45pm 08 September 2026
NEWS
വി കെ പ്രശാന്ത് എംഎൽഎ ശാസ്തമം​ഗലത്തെ ഓഫീസ് ഒഴിയും
07/01/2026  11:00 AM IST
nila
വി കെ പ്രശാന്ത് എംഎൽഎ ശാസ്തമം​ഗലത്തെ ഓഫീസ് ഒഴിയും

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന എംഎൽഎ ഓഫിസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തീരുമാനിച്ചു. ഓഫിസ് സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയണമെന്ന് വാർഡ് കൗൺസിലർ ആർ. ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് എംഎൽഎ നിരസിച്ചതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായി മാറിയത്.

ഇനി തർക്കത്തിനും ചർച്ചയ്ക്കും പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത്, ഓഫിസ് മാറാനുള്ള തീരുമാനം മാധ്യമങ്ങളോട് അറിയിച്ചു. ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന ഇടമായതിനാൽ, ജനങ്ങൾക്ക് കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്കാണ് ഓഫിസ് മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കാണ് ജനങ്ങൾ തങ്ങളെ തിരഞ്ഞെടുത്തതെന്നും, ഓഫിസിലേക്കുള്ള ജനങ്ങളുടെ വരവ് രാഷ്ട്രീയ ആവശ്യങ്ങൾക്കല്ലെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. വിവാദങ്ങൾ തുടരുന്നത് വ്യക്തിപരമായ അപവാദ പ്രചാരണങ്ങൾക്ക് വഴിവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ഓഫിസ് തുറക്കുന്നതിനുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഓഫിസ് മാറ്റം വിവാദമായ ഘട്ടത്തിൽ കൗൺസിലറുടെ നിർദേശങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിലായിരുന്നു എംഎൽഎ. എന്നാൽ സൗഹൃദത്തിന്റെ പേരിലാണ് ഓഫിസ് മാറ്റാൻ ആവശ്യപ്പെട്ടതെന്നായിരുന്നു കൗൺസിലർ ആർ. ശ്രീലേഖയുടെ വിശദീകരണം. ഇതിന് ഇടയിൽ, എംഎൽഎ ഓഫിസിലെ ബോർഡിനു മുകളിൽ കൗൺസിലറുടെ പേര് ഉൾപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചതും അടുത്തിടെ വലിയ ചർച്ചയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img