01:39am 10 November 2026
NEWS
അദാനിക്കുവേണ്ടി ‘വളഞ്ഞവഴി’
ഒരുക്കി ദേശീയപാത അതോറിട്ടി
വികസനത്തിനായി നിന്നവര്‍ പെരുവഴി !

04/05/2025  11:58 AM IST
News Bureau
വളഞ്ഞവഴി.കോം
HIGHLIGHTS

ഫലത്തിൽ 2026 അവസാനത്തോടെ കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന എൻ.എച്ച്. 66 ന്റെ പ്രവര്‍ത്തനങ്ങളും റിംഗ് റോഡിന്റെ നിര്‍മ്മാണവും ഈ കുറുക്കുവഴിയിലൂടെ പ്രതിസന്ധിയിലാകും 

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് നിന്നും കണ്ടൈനര്‍ നീക്കം സുഗമമാക്കാൻ വേണ്ടി വിഭാവനം ചെയ്ത വിഴിഞ്ഞം – നാവായിക്കുളം റിംഗ് റോഡിന്റെ പ്രവര്‍ത്തനങ്ങൾ എങ്ങുമെത്താതെ നിൽക്കുമ്പോൾ എൻ.എച്ച്. 66ലേക്ക് താത്കാലിക വഴിയൊരുക്കാൻ അദാനി ഗ്രൂപ്പ്. വിഴിഞ്ഞത്തെത്തുന്ന കണ്ടൈനറുകൾ താത്കാലിക പാതയിലൂടെ, നിലവിൽ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന എൻ.എച്ച്. 66ലേക്ക് എത്തിക്കാൻ വേണ്ട നടപടികൾ അദാനിഗ്രൂപ്പ് അണിയറയിൽ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇത് ആഗസ്റ്റ് മാസം മുതൽ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ലഭ്യമാകുന്ന വിവരം. 
         അതേസമയം, ഈ താത്കാലികപദ്ധതി റിംഗ് റോഡിന്റെ പ്രവര്‍ത്തനങ്ങളെ വീണ്ടും മന്ദഗതിയിലാക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. താത്കാലിക റോഡ് തുറന്നാൽ റിംഗ് റോഡിന്റെ പ്രവര്‍ത്തനങ്ങൾ തത്കാലം വൈകിയാലും കുഴപ്പമില്ല എന്ന ചിന്താഗതിയിലേക്ക് അധികൃതര്‍ വന്നുചേരും. അതേസമയം, ഇതിനായി ഭൂമി വിട്ടുനൽകി രണ്ടരവര്‍ഷമായി കാത്തുനിൽക്കുന്നവരുടെ കാര്യം കൂടുതൽ ദുരിതത്തിലാകും. കടക്കെണിയിലായ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. എന്നാൽ ഇതൊന്നും നമ്മുടെ വിഷയം അല്ലേയല്ല എന്ന മട്ടിലാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകൾ മുന്നോട്ടുപോകുന്നത്.

മാത്രമല്ല, നിലവിൽ പണി പുരോഗമിക്കുന്ന എൻ.എച്ച്. 66ലൂടെ കൂറ്റൻ കണ്ടൈനറുകൾ നീങ്ങയാൽ പിന്നെയും പ്രശ്നങ്ങൾ ബാക്കി. കണ്ടൈനറുകൾ അപകടത്തിൽപെടാനുള്ള സാദ്ധ്യതയാണ് പ്രധാനം. മാത്രമല്ല സ്പെഷ്യൽ എകണോമിക് സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ള ടെക്നോപാര്‍ക്കിന് മുന്നിലൂടെയുള്ള ചരക്കുനീക്കം ആവഴി കൂടുതൽ കൺജസ്റ്റഡ് ആക്കും. ഇത് പ്രദേശവാസികൾക്കും ടെക്നോപാര്‍ക്കിലെ തൊഴിലാളികൾക്കും ഒരുപോലെ തിരിച്ചടിയാണ്. രാത്രികാലത്തിൽ ചരക്കുനീക്കം നടത്താമെന്ന പദ്ധതിയാണ് അദാനി ഗ്രൂപ്പിനുള്ളതെന്നറിയുന്നു. എങ്കിൽ അത് രാത്രികാലങ്ങളിൽ പുരോഗമിക്കുന്ന എൻ.എച്ച്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഫലത്തിൽ 2026 അവസാനത്തോടെ കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന എൻ.എച്ച്. 66 ന്റെ പ്രവര്‍ത്തനങ്ങളും റിംഗ് റോഡിന്റെ നിര്‍മ്മാണവും ഈ കുറുക്കുവഴിയിലൂടെ പ്രതിസന്ധിയിലാകും. 
         2028 പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം – ബാലരാമപുരം റെയിൽ കണക്ടിവിറ്റി പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. അങ്ങിനെ വരുമ്പോൾ റിംഗ് റോഡ് പദ്ധതി പിന്നെയും ഇഴച്ചുകൊണ്ടുപോകാൻ അധികൃതര്‍ക്ക് സാധിക്കും. റിംഗ് റോഡിനായി വസ്തുവിട്ടുനൽകിയവര്‍ ഒരുകാരണവശാലും ആശങ്കപ്പെടേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുകൊല്ലം മുമ്പ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ അദ്ദേഹം ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടി നാളിതുവരെ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ മരുമുകൻ കൂടിയായ മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റിംഗ് റോഡ് സമരസമിതിക്കാരെ ഇളിഭ്യരാക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇവിടെ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട ദേശീയപാത അതോറിട്ടിയാകട്ടെ പാരിസ്ഥിതി അനുമതിയുടേയും മറ്റും പേരിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img