04:46pm 10 November 2026
NEWS
വിഴിഞ്ഞത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
01/07/2026  08:32 AM IST
nila
വിഴിഞ്ഞത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

വിഴിഞ്ഞം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ താമസിച്ചിരുന്ന വിഘ്നേശ്വരി (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ–കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.

വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും, പലതവണ വിളിച്ചിട്ടും വിഘ്നേശ്വരി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ജനൽചില്ല് തകർത്തുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും ഭർതൃപിതാവ് ചന്ദ്രൻ പൊലീസിനോട് മൊഴി നൽകി. തുടർന്ന് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപാണ് ദമ്പതികൾ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചതെന്നും കുടുംബത്തിൽ പ്രത്യേക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭർതൃപിതാവ് അറിയിച്ചു. അതേസമയം, വിഘ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി വിഘ്നേശ്വരിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img