07:32pm 20 July 2026
NEWS
വിഴിഞ്ഞം: ജനത്തെ വിഡ്ഢികളാക്കുന്നതാരാണ്?
19/07/2026  10:43 AM IST
ചെറുകര സണ്ണീലൂക്കോസ്
വിഴിഞ്ഞം: ജനത്തെ വിഡ്ഢികളാക്കുന്നതാരാണ്?
HIGHLIGHTS

സംശയത്തിന്റെ പുകമറ ഉയർത്തുന്നവരിൽ സി.പി.എം മാത്രമല്ല ഒരു വിഭാഗം കോൺഗ്രസുകാരും ഉണ്ടെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിടുന്ന വെല്ലുവിളി.

2025 മെയ് 2 നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. സംസ്ഥാന മുഖ്യമന്ത്രി, ഗവർണർ എന്നിവരെ കൂടാതെ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ. അനിൽ, എം.പിമാരായ ഡോ. ശശി തരൂർ, ജോൺബ്രിട്ടാസ്, എ.എ. റഹീം എം.എൽ.എ, എം. വിൻസെന്റ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും അദാനിഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗൗതം അദാനിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പങ്കെടുക്കരുത് എന്ന് ഉറപ്പുവരുത്തുംവിധം ക്ഷണിച്ചു എന്നുവരുത്തുകയായിരുന്നു. ഉദ്ഘാടനത്തലേന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ തുറമുഖത്തെക്കുറിച്ചുള്ള ലേഖനം മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചു. അതിന്റെ ആദ്യവാചകങ്ങൾ ഇങ്ങനെ...

''കേരളത്തിന്റെ സ്വപ്നസാഫല്യമായ വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയാണ്. തീർച്ചയായും കേരള ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ചരിത്ര മുഹൂർത്തമാണിത്. കേരളസർക്കാരിനും ജനതയ്ക്കും അഭിമാനനിമിഷം. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞത്, 'വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് വികസിപ്പിച്ച് സർവ്വദേശീയ തുറമുഖമാക്കി മാറ്റിയത് ഇടതുസർക്കാരിന്റെ ഇച്ഛാശക്തിയാണ്'' എന്നാണ്. 

അദാനിഗ്രൂപ്പുമായി 2015 ൽ കരാർ ഒപ്പുവച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരുപോലും മുഖ്യമന്ത്രി പിണറായി പരാമർശിച്ചതേയില്ല.
ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക് സ്വാഗതം പറഞ്ഞ തുറമുഖമന്ത്രിയായിരുന്ന വി.എൻ. വാസവൻ പിണറായിയെ 'കാലം കരുതിവെച്ച കർമ്മയോഗി'യെന്നും, വിഴിഞ്ഞത്തിന്റെ ശിൽപ്പിയെന്നും വിശേഷിപ്പിച്ചു. തുറമുഖമന്ത്രി അന്ന് അദാനിയെ അഭിസംബോധന ചെയ്തപ്പോൾ വിശേഷിപ്പിച്ചത് നമ്മുടെ പങ്കാളിയെന്നാണ്. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഇതേക്കുറിച്ച് 'ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രി പറയുകയാണ് അദാനി നമ്മുടെ സർക്കാരിന്റെ പങ്കാളിയാണ് എന്ന്. ഇതാണ് മാറുന്ന ഭാരതം' എന്നും കൂട്ടിച്ചേർത്തു.

 തുറമുഖം കമ്മീഷനിംഗ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവരോടൊപ്പമായിരുന്നു. തുറമുഖത്തിന്റെ തന്ത്രപ്രധാന മേഖലയിൽ പോർട്ട് ഓപ്പറേഷൻ സെന്റർ ബെർത്ത്, പുലിമുട്ട് എന്നിവിടങ്ങൾ സന്ദർശിച്ചതും കുടുംബത്തോടൊപ്പമായിരുന്നു. തുറമുഖത്തെ പ്ലാൻറൂമിൽ ഉദ്യോഗസ്ഥർ പ്രവർത്തനരീതി മുഖ്യമന്ത്രിയോട് വിശദീകരിച്ചപ്പോഴും മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ, മേയർ ആര്യരാജേന്ദ്രൻ, പ്രധാന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മുഖ്യമന്ത്രിയുടെ കുടുംബവും സന്നിഹിതരായിരുന്നു. ഇതേക്കുറിച്ച് മന്ത്രി ശിവൻകുട്ടി പറഞ്ഞത് 'മുഖ്യമന്ത്രിയുടെ കുടുംബം എത്തിയത് വിഴിഞ്ഞം ഞങ്ങളുടെ കുഞ്ഞായതിനാൽ' എന്നാണ്.

അത്ര മറവിയില്ലാത്ത മലയാളികൾ അന്ന് വിഴിഞ്ഞത്തിന്റെ പൂർവ്വകാല അനുഭവങ്ങൾ ഓർമ്മിപ്പിച്ചിട്ടുണ്ടാവും എന്നുറപ്പാണ്. രാജഭരണകാലം തൊട്ടേ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യപ്പെട്ടെങ്കിലും, 1991 ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ എം.വി. രാഘവൻ തുറമുഖമന്ത്രിയായിരിക്കെയാണ് തുറമുഖ നിർമ്മാണത്തിന് ടെണ്ടർ നടപടി വരെയെത്തിയത്. ടെണ്ടറിൽ ഒന്നാമതെത്തിയ ചൈനീസ് കമ്പനിക്ക് പ്രതിരോധവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി മുടങ്ങി. പിന്നീട് വി.എസ്. അച്യുതാനന്ദൻ സർക്കാർ(2006-2011) ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 2500 കോടി രൂപ വായ്പയെടുത്ത് പൊതുമേഖലയിൽ തന്നെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലവത്തായില്ല.
പിന്നീട് 2011-2016 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയേ പദ്ധതി നടക്കൂ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പങ്കാളിത്തത്തിന് പല ഗ്രൂപ്പുകളെയും സമീപിച്ചെങ്കിലും അവരൊന്നും ധൈര്യപ്പെട്ടില്ല. ഒടുവിൽ കേന്ദ്രമന്ത്രിയായിരുന്ന കെ.വി. തോമസിന്റെ മധ്യസ്ഥതയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തുറമുഖമന്ത്രി കെ. ബാബുവും അദാനി ഗ്രൂപ്പ് ഉടമകളുമായി നേരിട്ട് ചർച്ച നടത്തിയാണ് അവരുടെ പങ്കാളിത്തം ഉറപ്പാക്കിയത്. ടെണ്ടറുകൾ വിളിച്ചു. പരിസ്ഥിതി- സുരക്ഷാ അനുമതികൾ നേടിയെടുത്തു. ഭൂമി ഏറെയും ഏറ്റെടുത്തു. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്(വി.ജി.എഫ്) ഉറപ്പിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.

2015 ൽ അദാനിയുമായി പങ്കാളിത്തം ഉറപ്പിച്ചത് മുതൽ അന്ന് പ്രതിപക്ഷത്തിരുന്ന സി.പി.എമ്മും ഘടകകക്ഷികളും അതിഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചും സമരം ചെയ്തു. പദ്ധതി വരുന്നതു തടയാൻ ആത്മാർത്ഥമായി പരിശ്രമിച്ചു. അന്ന് നിങ്ങൾ എന്തെല്ലാം ആരോപണം ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന് നിയമസഭയിൽ നിശ്ചയദാർഢ്യത്തോടെ ഉമ്മൻചാണ്ടി പറയുന്നതിന്റെ വീഡിയോക്ലിപ്പ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. തമിഴ്‌നാട്ടിലെ കുളച്ചലിലെ തുറമുഖമെന്ന വെല്ലുവിളി അതിജീവിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. പാരിസ്ഥിതിക അനുമതി ലഭിച്ച് 24 മണിക്കൂറിനകം ആഗോള ടെണ്ടർ ഉമ്മൻചാണ്ടി സർക്കാർ വിളിപ്പിച്ചു. ഉമ്മൻചാണ്ടിയെന്ന നേതാവിന്റെ നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.
എന്നാൽ ഉമ്മൻചാണ്ടിയുടെ പേരുപോലും വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്ത ചടങ്ങിലടക്കം വിഴിഞ്ഞവുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിക്കാൻ തയ്യാറായില്ല.

2015 ഓഗസ്റ്റ് 17 ലെ കേരള സർക്കാരും അദാനിഗ്രൂപ്പുമായുള്ള കൺസെഷൻ കരാർ അനുസരിച്ച് പദ്ധതി 2019 ൽ പൂർത്തിയാക്കേണ്ടിയിരുന്നതാണ്. 2025 മെയ് വരെ പദ്ധതി നടത്തിപ്പ് വൈകി. അപ്പോഴും പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും നടപ്പാക്കിയില്ല. പുനരധിവാസത്തിനുവേണ്ടിയുള്ള 475 കോടി രൂപയുടെ പാക്കേജും നടപ്പായില്ല. കരാർ അനുസരിച്ചുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റികൾപോലും പൂർത്തിയായില്ല.

തുറമുഖം നിർമ്മാണം തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചതിനെ തുടർന്ന് ലത്തീൻ കത്തോലിക്ക അതിരൂപത രൂപം നൽകിയ തുറമുഖ നിർമ്മാണ വിരുദ്ധ സമരസമിതി, 2022 സെപ്റ്റംബർ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ അതിരൂക്ഷ സമരം സംഘർഷാത്മകമായിരുന്നു. തീരശോഷണത്തിന് ശാശ്വതപരിഹാരം, പുനരധിവാസ പദ്ധതി, മിനിമം വേതനം, മണ്ണെണ്ണ സബ്‌സിഡി തുടങ്ങി ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തപ്പോൾ ആ സമരം നാടിന്റെ മുന്നോട്ടുപോക്കിനെ തടയിടലാണെന്നും അതിനെ നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും സമരക്കാരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി 1000 പേർക്കെതിരെ കേസെടുത്തു. സമരക്കാർ ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് മന്ത്രിമാർ പ്രസ്താവിച്ചു.

സമരസമിതി നേതാക്കൾ തീവ്രവാദികളാണെന്നാരോപിച്ചും അവർ കലാപത്തിന് കോപ്പുകൂട്ടുകയാണെന്നും സി.പി.എം അനുകൂല മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചു. ഈ പ്രചാരണം ഹിന്ദുത്വ സംഘടനകളും ഏറ്റുപിടിച്ചു. തങ്ങളുടെ ജീവനും സ്വത്തും കടലെടുത്തുപോകുന്നതിൽ മനംനൊന്ത് സമരമുഖത്തിറങ്ങിയ ആയിരക്കണക്കിന് മനുഷ്യരുടെ ദൈന്യതയ്ക്ക് പുല്ലുവില കൽപ്പിച്ചാണ് അന്ന് അദാനി പോർട്ടിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണിയുടെയും വെല്ലുവിളിയുടെയും സ്വരത്തിൽ സംസാരിച്ചത്. ഈ ഘട്ടത്തിൽ തുറമുഖ നിർമ്മാണത്തിന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർ കമ്പനിയും ഹൈക്കോടതിയെ സമീപിച്ചപ്പോൾ വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദാനിഗ്രൂപ്പിന്റെ ആവശ്യത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

2024 നവംബർ 28 ന് പിണറായി സർക്കാരും തുറമുഖ നടത്തിപ്പ് കൺസഷനറി കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒരനുബന്ധ കൺസഷൻ കരാറിൽ ഒപ്പുവച്ചു. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും 2028 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ഈ കരാറിലാണ് പറയുന്നത്. എന്നാൽ കരാർ കാലാവധി 40 വർഷം എന്നത് പരസ്പരസമ്മതത്തോടെ 20 വർഷം കൂടി നീട്ടാൻ വ്യവസ്ഥ ചെയ്യുന്നത് ഈ എഗ്രിമെന്റിലാണ്. തുറമുഖക്കമ്പനിയിൽ അദാനി ഗ്രൂപ്പ് 51% ഓഹരി നിർബന്ധമായും നിലനിർത്തിയിരിക്കണം എന്ന വ്യവസ്ഥ ആദ്യവർഷത്തിനു ശേഷം 26% ആയി കുറയ്ക്കാൻ അനുവാദം നൽകിയതും 2024 ലെ അനുബന്ധ കരാറിലൂടെയാണ്.

2024 നവംബർ 28 ന് അദാനി ഗ്രൂപ്പും പിണറായി സർക്കാരും തമ്മിൽ ഉണ്ടാക്കിയ അനുബന്ധ കൺസഷൻ കരാർ പ്രകാരം നിർമ്മാണഘട്ടത്തിലും വാണിജ്യപ്രവർത്തനങ്ങളുടെ ആദ്യവർഷത്തിലും തുറമുഖത്തിൽ 51% ഓഹരികൾ അദാനി ഗ്രൂപ്പ് നിലനിർത്തണം. ആദ്യവർഷത്തിനുശേഷം ഈ ഓഹരി വിഹിതം കുറഞ്ഞത് 26% ആയി നിലനിർത്തിയാൽ മതിയെന്നും വ്യവസ്ഥയുണ്ടാക്കിയിട്ടുള്ളതുകൊണ്ടാണ് തങ്ങളുടെ വിഹിതത്തിന്റെ 49% ഓഹരികൾ(മൊത്തത്തിൽ 26%ത്തിൽ താഴയെ വരൂ) വിദേശകമ്പനിയായ എം.എസ്.സിക്ക് കൈമാറാൻ തയ്യാറായത് എന്ന് അദാനി വ്യക്തമാക്കുമ്പോൾ, അതിന്റെ ഉത്തരവാദിത്തം 2026 മെയ് 18 ന് മാത്രം അധികാരത്തിൽ വന്ന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് വിചിത്രമാണ്.

എന്നാൽ 25% അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഓഹരികൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ ദേശീയ സുരക്ഷയും പൊതുതാൽപ്പര്യവും മുൻനിർത്തി സർക്കാരിന്റെ അനുമതി നിർബന്ധമാണ്. ഓഹരി കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ 2025 ഡിസംബറിൽ ആരംഭിച്ചതാണ്. ഇതിനന്ന് സർക്കാരിന്റെ മുൻകൂർ അനുമതിയുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്ന മേയ് 18 നുശേഷം ഓഹരി കൈമാറ്റം സംബന്ധിച്ച് സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറയുകയുണ്ടായി. മാത്രമല്ല ഓഹരികൾ സർക്കാർ അറിയാതെ വകമാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ അതൃപ്തി രേഖപ്പെടുത്തുകയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ വിശദമായ പരിശോധനയ്ക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. ഓഹരി കൈമാറ്റത്തിന് അദാനി വിവാദങ്ങൾക്കുശേഷം നൽകിയ അപേക്ഷ സർക്കാരിന്റെ പരിശോധനയിലാണ്.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ നിർമ്മിച്ചു പ്രവർത്തിക്കുന്ന തുറമുഖം 2024 ഡിസംബറിലാണ് വാണിജ്യപ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച വരെ തുറമുഖത്ത് എത്തിയത് 1006 കപ്പലുകളാണ്. 2024 ലെ അനുബന്ധ കൺസഷൻ കരാർ പ്രകാരം അദാനി ഗ്രൂപ്പ് 51% ഓഹരി നിലനിർത്തേണ്ട കാലാവധി 2025 ഡിസംബറിൽ അവസാനിച്ചു.
2024 ലെ അനുബന്ധ കൺസഷൻ കരാറിലൂടെ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പോർട്ടിൽ അനന്തരസാധ്യതകൾ തുറന്നുകൊടുത്ത പിണറായിയും കൂട്ടരും തുറമുഖത്തിന്റെ 49% ഓഹരി എം.എസ്.സി കമ്പനിക്ക് കൈമാറാനുള്ള നീക്കം മാധ്യമവാർത്തയായ ഉടനെ അതിന്റെ എല്ലാ ഉത്തരവാദിത്തവും നിലവിലെ മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കുന്നതിലും, സെബിക്ക് കത്തയച്ച് സ്വയം കൈകഴുകിയും പ്രചാരണപരമായി വിജയിച്ചു എന്നുപറയാം.

ഈ വിഷയത്തിലും മുഖ്യമന്ത്രി വി.ഡി. സതീശനെ വ്യക്തിപരമായി കടന്നാക്രമിക്കുക എന്ന ശൈലിയാണ് സി.പി.എം നേതാക്കളും പാർട്ടി സഹയാത്രികരും സൈബർ ഹാൻഡിലുകളും സ്വീകരിച്ചിട്ടുള്ളത്. സർക്കാർ മാറിവരുമ്പോൾ സുപ്രധാന ചുമതല വഹിക്കുന്ന സീനിയർ ഐ.എ.എസുകാർക്കെല്ലാം സ്ഥലം മാറ്റം ഉണ്ടാകുക സ്വാഭാവികമാണെങ്കിലും വിഴിഞ്ഞം തുറമുഖ എം.ഡിയായ ഡോ. ദിവ്യ എസ്. അയ്യരുടെ സ്ഥലം മാറ്റം പോലും അദാനിക്കുവേണ്ടി മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയതാണെന്ന് വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റവതരിപ്പിച്ചപ്പോൾ ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ അഞ്ചുവർഷത്തികം കേരളത്തെ മാരിടൈം ഭൂപടത്തിലെ വൻശക്തിയായി ഉയർത്താനുള്ള 'മിഷൻ സമുദ്ര' പ്രഖ്യാപനം, സംസ്ഥാനത്തെ പോർട്ട് സിറ്റിയായി മാറ്റുമെന്ന പ്രഖ്യാപനവും കേരള മാരിടൈം നയം രൂപീകരിക്കുമെന്ന പ്രഖ്യാപനവുമെല്ലാം വികസനം ആഗ്രഹിക്കുന്ന മധ്യവർഗ്ഗത്തിന്റെ പിന്തുണ നേടിക്കൊടുക്കുന്നതാണ് എന്നത് ഒരു രാഷ്ട്രീയ വെല്ലുവിളിയായാണ് സി.പി.എം കാണുന്നത്. അതിന്റെ വിശ്വാസ്യത തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണമാണ് മുഖ്യമന്ത്രിയേയും അദാനിയെയും ബന്ധപ്പെടുത്തി ഇപ്പോൾ നടക്കുന്നത്.

ഇതിന് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പരോക്ഷപിന്തുണയുമുണ്ട്. മുഖ്യമന്ത്രിക്കെതിരേ വ്യാപകമായി പ്രതിപക്ഷം വ്യക്തിപരമായി അധിക്ഷേപവും ആരോപണവും ഉന്നയിച്ചുകൊണ്ടിരിക്കുമ്പോഴും ഒരു വാക്കുകൊണ്ടുപോലും അതിനെ പ്രതിരോധിച്ച് മന്ത്രിമാരോ കോൺഗ്രസ് നേതാക്കളോ ദേശീയനേതാവ് കെ.സി. വേണുഗോപാലിന്റെ അനിഷ്ടം സമ്പാദിക്കാൻ തയ്യാറാക്കുന്നില്ലെന്നത് അത്ഭുതകരമാണ്.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടി അടിസ്ഥാനമിടുമ്പോൾ സി.പി.എം കൈക്കൊണ്ട അതേ നയസമീപനത്തിലേക്ക് സി.പി.എം വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്. അന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് വന്ന വാർത്തകൾ 'കടൽക്കൊള്ള', 'മത്സ്യബന്ധനത്തിന് മരണമണി', 'കടലിന് കണ്ണീരിന്റെ ഉപ്പ്' തുടങ്ങിയ തലക്കെട്ടുകളിലൊക്കെയായിരുന്നു. അന്ന് പിണറായി വിജയൻ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു:

'മലയാളിയുടെ വികസനമോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വില വരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഇത് വൻഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതിൽ ദുരൂഹമായ ഇടപെടൽ നടത്തി.'

അന്ന് ആരോപണത്തിനിരയായത് ഉമ്മൻചാണ്ടിയാണെങ്കിൽ ഇന്നാസ്ഥാനത്ത് വി.ഡി. സതീശൻ ആണെന്നുമാത്രം. സി.പി.എമ്മിന്റെ ഇക്കാര്യത്തിലൊക്കെയുള്ള അവസരവാദവും കാപട്യവും മനസ്സിലാക്കാൻ 'ദേശാഭിമാനി' പത്രം ജൂലൈ 1 നും 2 നും നൽകിയ വാർത്തകളിലെ വ്യത്യാസം മാത്രം കണ്ടാൽ മതി.

ദേശാഭിമാനി ജൂലൈ 1 ന് ഒന്നാം പേജിൽ നൽകിയ വാർത്ത 'എം.എസ്.സി ഗ്രൂപ്പ് 49 ശതമാനം ഓഹരി എടുക്കും. വിഴിഞ്ഞത്ത് 13,000 കോടിയുടെ നിക്ഷേപം, എൽ.ഡി.എഫ് 'സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയം' എന്നായിരുന്നു തലക്കെട്ട്. സർക്കാർ നടത്തിയ വിഴിഞ്ഞം കോൺക്ലേവിൽ എം.എസ്.സി പ്രതിനിധികൾ പങ്കെടുത്തിരുന്ന കാര്യവും വാർത്തയിൽ പറയുന്നുണ്ട്.

തൊട്ട് പിറ്റേന്നാണ് വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ആശങ്ക എന്ന തലക്കെട്ടിൽ വിരുദ്ധ വാർത്ത വരുന്നത്. ഈ വാർത്തയിൽ തന്നെ 'സംസ്ഥാന താൽപ്പര്യം ഹനിക്കരുത്' എന്ന തലക്കെട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കുറിപ്പുമുണ്ടായിരുന്നു.
ദേശീയ സുരക്ഷ ഉറപ്പാക്കും, പൊതുജന താൽപ്പര്യം സംരക്ഷിക്കും, മത്സരാധിഷ്ഠിതമായി കാര്യങ്ങൾ നടക്കുന്നു എന്ന് ഉറപ്പുവരുത്തും, എല്ലാ കമ്പനികളുടേയും നിക്ഷേപത്തിനുള്ള സാഹചര്യം ഉറപ്പാക്കും, ദീർഘവീക്ഷണത്തോടെയേ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തെ കാണും എന്ന് അഞ്ച് കാര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും, സി.പി.എംന്റെ ലക്ഷ്യം വി.ഡി. സതീശനും അദാനിഗ്രൂപ്പും തമ്മിൽ എന്തോ ഡീൽ നടന്നു എന്നു പ്രചരിപ്പിക്കലും പൊതുബോധം സൃഷ്ടിക്കലുമാണ്. സംശയത്തിന്റെ പുകമറ ഉയർത്തുന്നവരിൽ സി.പി.എം മാത്രമല്ല ഒരു വിഭാഗം കോൺഗ്രസുകാരും ഉണ്ടെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിടുന്ന വെല്ലുവിളി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img