
ആലപ്പുഴ: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കരാർ കൈമാറ്റ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമർശിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിഴിഞ്ഞം പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത് കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. കരാർ ലംഘനങ്ങൾ ഉണ്ടായാൽ നിയമപരമായും ചർച്ചകളിലൂടെയും കൂടുതൽ നേട്ടങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും, അതിനായി വിവിധതരത്തിലുള്ള സമ്മർദ്ദങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓഹരി കൈമാറ്റം അടിസ്ഥാനപരമായി ഒരു ബിസിനസ് വിഷയമാണെന്നും അതിനെ രാഷ്ട്രീയ വിവാദമാക്കി മാറ്റുന്നത് ഗുണകരമല്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കരാർ ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ വ്യക്തമായ നിയമനടപടികൾ നിലവിലുണ്ടെന്നും, വിഴിഞ്ഞത്തെ ചുറ്റിപ്പറ്റിയുള്ള തുടർച്ചയായ രാഷ്ട്രീയ തർക്കങ്ങൾ സംസ്ഥാനത്തിന്റെ വികസന താൽപര്യങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നെങ്കിലും വിഴിഞ്ഞം പദ്ധതിക്കായി ഇടത്-വലത് മുന്നണികൾ ഒരുപോലെ പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും നിലപാടുകളാണ് പദ്ധതി യാഥാർഥ്യമാകാൻ വഴിയൊരുക്കിയതെന്നും വെള്ളാപ്പള്ളി വിലയിരുത്തി.
വിഴിഞ്ഞം ഒരു വലിയ ബിസിനസ് സംരംഭമാണെന്നും അതിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്ന തരത്തിൽ വിവാദങ്ങൾ കത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ വിവാദങ്ങൾ വളരരുതെന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ അഭിപ്രായം പക്വമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉയരുന്ന ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ വിശ്വാസ്യതയുള്ള അന്വേഷണം നടത്തണമെന്നും, വീഴ്ചകൾ കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായ പദ്ധതിയാണ് വിഴിഞ്ഞമെന്നും, അതിനെ തകർക്കുന്നത് "പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന്" തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന മുഖച്ഛായ മാറ്റാൻ ശേഷിയുള്ള ഈ പദ്ധതിയെ രാജ്യത്തെ ഒന്നാംനിര തുറമുഖമാക്കി ഉയർത്താൻ സർക്കാർ ശ്രമിക്കണമെന്നും, അതിന് പ്രതിപക്ഷം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളും ക്രിയാത്മക പിന്തുണ നൽകണമെന്നും വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു.










