12:42pm 10 November 2026
NEWS
പിണറായിയെ ഇരുത്തി ഇന്ത്യാ സഖ്യത്തെ കൊട്ടി പ്രധാനമന്ത്രി; പരിഭാഷയിൽ പാളിയത് വിവാ​ദമാകുന്നു
02/05/2025  06:35 PM IST
nila
പിണറായിയെ ഇരുത്തി ഇന്ത്യാ സഖ്യത്തെ കൊട്ടി പ്രധാനമന്ത്രി; പരിഭാഷയിൽ പാളിയത് വിവാ​ദമാകുന്നു

മുഖ്യമന്ത്രി പിണറായി വിജയനെയും കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെയും വേദിയിലിരുത്തി ഇന്ത്യാ സഖ്യത്തെ മോദി കൊട്ടിയിട്ടും കൊള്ളാതെ പോയതിന്റെ അമർഷത്തിലാണ് കേരളത്തിലെ ബിജെപി നേതാക്കൾ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ സഖ്യത്തെ വിമർശിച്ചത്. എന്നാൽ, മോദി പറഞ്ഞത് പരിഭാഷകന് വേണ്ടത്ര വ്യക്തമായി കേൾക്കാൻ സാധിക്കാതെ വന്നതോടെ മോദി പറഞ്ഞതല്ല പരിഭാഷകൻ പറഞ്ഞത്. 

‘‘മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യാ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയിൽ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും,’’– പ്രധാനമന്ത്രി ഹിന്ദിയിൽ പറഞ്ഞത് ഇതായിരുന്നു. ഹിന്ദി അധ്യാപകനായ പള്ളിപ്പുറം ജയകുമാറായിരുന്നു പരിഭാഷകൻ. പ്രധാനമന്ത്രിയുടെ പ്രസം​ഗം മുൻകൂട്ടി അദ്ദേഹത്തിന് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഈ വാക്കുകൾ മുൻകൂട്ടി നൽകിയ പ്രസം​ഗത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ മോദി എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിന് പള്ളിപ്പുറം കൃത്യമായി പിടികിട്ടിയതുമില്ല. 

‘‘നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യമായ ശ്രദ്ധ നൽകണം.’’ എന്നാണ് പരിഭാഷകൻ മലയാളത്തിൽ പറഞ്ഞത്. സദസിൽ ഇരുന്ന ആർക്കും സംഭവം മനസിലായില്ല. ഒരു തരത്തിലുള്ള പ്രതികരണവും സദസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതോടെ പരിഭാഷ പാളിയെന്ന് പ്രധാനമന്ത്രിക്കും മനസ്സിലായി. ഇതോടെ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും എന്നാൽ  സന്ദേശം എത്തേണ്ടയിടത്ത് എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ സദസിൽ ചിരിപടർന്നു. എന്താണ് സംഭവിച്ചതെന്ന് വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിക്കുന്നതും കാണാമായിരുന്നു. 
 
പ്രധാനമന്ത്രിയുടെ വാക്കുകളുടെ പരിഭാഷ പാളിയതിൽ അതൃപ്തിയുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാന സർക്കാർ ആണെന്നും പരിഭാഷ ഉചിതമായില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ വിഭാഗമാണ് പരിഭാഷകനെ നിശ്ചയിച്ചത്. 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സെൻട്രൽ സ്‌റ്റേഡിയത്തിൽ പ്രസംഗിച്ചപ്പോഴും ജയകുമാർ തന്നെയായിരുന്നു പരിഭാഷകൻ. അന്ന് ജയകുമാറിനെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 9 വർഷമായി പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതും ജയകുമാറാണ്.

അതേസമയം, ഓഡിയോ പ്രശ്നംമൂലമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ പിഴവുണ്ടായതെന്ന് പരിഭാഷകൻ ജയകുമാർ പറഞ്ഞു. അലയൻസ് എന്നത് എയർലൈൻസ് എന്നാണു കേട്ടത്. പ്രസംഗത്തിന്റെ കോപ്പി നേരത്തേ കിട്ടിയിരുന്നു. എന്നാൽ പിന്നീട് ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടായെന്നും ജയകുമാർ മാധ്യമങ്ങളോടു പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img