
തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തിൽനിന്ന് ആഭ്യന്തര കയറ്റുമതി-ഇറക്കുമതി (എക്സിം കാർഗോ) പ്രവർത്തനങ്ങൾക്ക് തുടക്കമായി. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്കുകളുമായി രണ്ട് കണ്ടെയ്‌നറുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം കേരളത്തെ രാജ്യാന്തര സമുദ്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമായി.
ലോകത്തിന്റെ ഏത് ഭാഗത്തേക്കും വിഴിഞ്ഞത്തുനിന്ന് ചരക്കുകൾ അയയ്ക്കാനുള്ള സൗകര്യം ഇതോടെ കൂടുതൽ ശക്തമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റു തുറമുഖങ്ങളിൽനിന്ന് വ്യത്യസ്തമായ അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് വിഴിഞ്ഞത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമേൽ എക്‌സ്‌പോർട്ടേഴ്‌സിന്റെ ഭക്ഷ്യോത്പന്നങ്ങളുമായി സ്പെയിനിലേക്കുള്ള കണ്ടെയ്‌നറും ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉത്പന്നങ്ങളുമായി ഇസ്താംബൂളിലേക്കുള്ള കണ്ടെയ്‌നറുമാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
‘മിഷൻ സമുദ്ര’യിലൂടെ തുറമുഖ നഗരമായി കേരളം
കേരളത്തെ പ്രധാന പോർട്ട് നഗരമാക്കി മാറ്റുകയാണ് ‘മിഷൻ സമുദ്ര’യുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ കാര്യമായി പ്രയോജനപ്പെടുത്താത്ത സമുദ്രവ്യാപാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് കൂടുതൽ ഭൂമി ഏറ്റെടുക്കാനും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്.
കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള സാധ്യതയും തുറമുഖം തുറക്കും. ഇഡ്ഡലി, സാമ്പാർ, പഴംപൊരി തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ വരെ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിൽ ക്രൂയിസ് ടെർമിനൽ ആരംഭിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാൻ കൊച്ചി തുറമുഖത്തെ സർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 44 നദികളെ ബന്ധിപ്പിച്ച് റിവർ ടൂറിസം പദ്ധതി നടപ്പാക്കാനും മാരിടൈം മ്യൂസിയം ആരംഭിക്കാനും നടപടികൾ പുരോഗമിക്കുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറമുഖങ്ങൾ ആരംഭിക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘കഴിഞ്ഞ പത്ത് വർഷം നഷ്ടപ്പെടുത്തി’
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസനങ്ങളിൽ മുൻ സർക്കാരിനെ മുഖ്യമന്ത്രി വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷം പല സാധ്യതകളും നഷ്ടപ്പെട്ടെന്നും റോഡ്, റെയിൽ കണക്ടിവിറ്റി നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ നേട്ടത്തിന്റെ നൂറിരട്ടി ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഉത്തരവാദിത്വം നിലവിലെ സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്ത് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. 2,000ത്തിലധികം പേർക്ക് നേരിട്ട് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് തുറമുഖ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചരക്കുനീക്കത്തിനുള്ള ലോറി യാർഡുകൾ, ഡ്രൈവർമാർക്കും ജീവനക്കാർക്കുമുള്ള സൗകര്യങ്ങൾ, കണ്ടെയ്‌നറുകളിൽ ചരക്കുകൾ നിറയ്ക്കുന്നതിനും ഇറക്കുന്നതിനുമുള്ള ജീവനക്കാർ, ക്ലിയറൻസ് ഏജൻസികൾ, കണ്ടെയ്‌നർ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ലോറി വർക്ക്‌ഷോപ്പുകൾ തുടങ്ങിയ അനുബന്ധ മേഖലകളും വളരും.
വിഴിഞ്ഞത്തും തിരുവനന്തപുരം ജില്ലയിലെ ദേശീയപാത കേന്ദ്രീകരിച്ചും കൂടുതൽ ലോജിസ്റ്റിക്‌സ് കമ്പനികൾ എത്താനുള്ള സാധ്യതയുണ്ട്. ഇതോടെ തുറമുഖത്തെ ചുറ്റിപ്പറ്റി പുതിയ വ്യവസായ മേഖലകൾ രൂപപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
കാർഷിക ഉത്പന്നങ്ങൾക്കും വിദേശ വിപണി
വിഴിഞ്ഞവുമായി ബന്ധപ്പെട്ട വെങ്ങാനൂർ, കോട്ടുകാൽ തുടങ്ങിയ പ്രദേശങ്ങളിലെ കാർഷിക ഉത്പന്നങ്ങൾക്കും ഇനി വിദേശ വിപണിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അവസരമൊരുങ്ങും.
തിരുവനന്തപുരം ജില്ലയിലെ വിവിധ ചന്തകളിൽ വിൽപ്പന നടത്തുന്ന കാർഷിക ഉത്പന്നങ്ങൾ മൊത്തമായി ശേഖരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ഏജൻസികളും രംഗത്തുണ്ട്. തുറമുഖം സജീവമാകുന്നത് കർഷകർക്കും പുതിയ വിപണി സാധ്യതകൾ തുറക്കുന്നു.
മത്സ്യകയറ്റുമതിക്കും പുതിയ വഴി
വിഴിഞ്ഞം കേന്ദ്രീകരിച്ച് മത്സ്യമേഖലയിലും വലിയ മുന്നേറ്റത്തിന് സാധ്യതയുണ്ട്. ജൂൺ മുതൽ നാല് മാസത്തെ സീസണിൽ മാത്രം വിഴിഞ്ഞത്തുനിന്ന് ഏകദേശം 600 കോടി രൂപയുടെ മത്സ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
നിലവിൽ കൊച്ചി, മംഗളൂരു, ചെന്നൈ തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് ചൈന, സ്പെയിൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് മത്സ്യകയറ്റുമതി നടക്കുന്നത്. വിഴിഞ്ഞം കൂടുതൽ സജീവമാകുന്നതോടെ ഫ്രോസൺ കണ്ടെയ്‌നറുകൾ വഴി മത്സ്യവും മത്സ്യോത്പന്നങ്ങളും നേരിട്ട് വിദേശ വിപണികളിലെത്തിക്കാനാകും.
തുറമുഖത്തിന്റെ പൂർണ പ്രവർത്തനത്തോടെ വിഴിഞ്ഞം ഒരു ചരക്കുനീക്ക കേന്ദ്രം എന്നതിലുപരി തൊഴിൽ, വ്യവസായം, കാർഷിക കയറ്റുമതി, മത്സ്യവ്യാപാരം, ലോജിസ്റ്റിക്‌സ് എന്നിവയെ ബന്ധിപ്പിക്കുന്ന വലിയ സമുദ്രവ്യാപാര ഹബ്ബായി മാറുമെന്നാണ് പ്രതീക്ഷ.










