
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓഹരി കൈമാറ്റത്തെക്കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി അറിവില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പൊതുജനങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പുമായി വിവിധ വിഷയങ്ങളിൽ അടുത്ത ബന്ധമുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് ഇത്തരമൊരു സുപ്രധാന നീക്കം പത്രവാർത്തകളിലൂടെ മാത്രമാണ് അറിയാൻ കഴിഞ്ഞതെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ധവളപത്രത്തിൽ വിശദമായി പരാമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യത്തിൽ അറിവില്ലായിരുന്നുവെന്ന നിലപാടും വിശ്വസനീയമല്ലെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ലോകശ്രദ്ധ നേടിയ വിഴിഞ്ഞം തുറമുഖ പദ്ധതിയിലൂടെ കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുസർക്കാർ അദാനി ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടുവെന്ന വിമർശനം മുമ്പ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നുവെങ്കിലും, യഥാർഥ കരാർ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നിലവിൽ വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പ് ഇതുവരെ 3,000 കോടി രൂപയിൽ താഴെ മാത്രമാണ് നിക്ഷേപിച്ചത്. അതേസമയം 49 ശതമാനം ഓഹരികൾ ഏകദേശം 13,000 കോടി രൂപയ്ക്ക് എം.എസ്.സി. കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കരാർ വ്യവസ്ഥകൾ പ്രകാരം 25 ശതമാനത്തിലധികം ഓഹരികൾ കൈമാറാൻ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, അത്തരം അനുമതിയില്ലാതെ നടപടികൾ മുന്നോട്ടുപോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
രാജ്യരക്ഷാ പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖം ഒരു കമ്പനിയുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കമ്പനികൾക്ക് മത്സരാധിഷ്ഠിതമായി പ്രവർത്തിക്കാൻ കഴിയുന്ന മൾട്ടി-ഓപ്പറേറ്റർ സംവിധാനമാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെന്നും, എന്നാൽ ഇപ്പോൾ തുറമുഖത്തിന്റെ നിയന്ത്രണം ഒരു കമ്പനിയിൽ കേന്ദ്രീകരിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.കേരളത്തിന്റെയും രാജ്യത്തിന്റെയും ദീർഘകാല താൽപര്യം മുൻനിർത്തി വിഴിഞ്ഞം തുറമുഖത്തിന്റെ കുത്തകവൽക്കരണ ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.











