12:10am 05 July 2026
NEWS
അദാനി ഗ്രൂപ്പിനെ സഹായിക്കാനാണോ സർക്കാർ? വിഴിഞ്ഞം ഓഹരി ഇടപാടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ


04/07/2026  12:35 PM IST
nila
അദാനി ഗ്രൂപ്പിനെ സഹായിക്കാനാണോ സർക്കാർ? വിഴിഞ്ഞം ഓഹരി ഇടപാടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലഭിക്കുന്നതുപോലുള്ള പരിഗണനയാണ് കേരളത്തിലും അദാനി ഗ്രൂപ്പിന് ലഭിക്കുന്നതെന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. വിഷയത്തിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും പിണറായി വിജയൻ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതർക്കും പരാതി നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ പ്രകാരം തുറമുഖത്തിന്റെ ഉടമസ്ഥാവകാശത്തിലോ ഓഹരി ഘടനയിലോ നിർണായക മാറ്റങ്ങൾ വരുത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഒറ്റയ്‌ക്കോ കൂട്ടായോ 25 ശതമാനത്തിലധികം ഓഹരി കൈമാറണമെങ്കിൽ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, വിഴിഞ്ഞം തുറമുഖത്തിലെ 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറാൻ അദാനി ഗ്രൂപ്പ് സെബിക്ക് അപേക്ഷ നൽകിയിട്ടും സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്നാണ് ആരോപണം. ഇത് കരാർ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണെന്നും, ദേശീയ സുരക്ഷയും പൊതുതാത്പര്യവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അപേക്ഷ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ അപേക്ഷയിൽ വിശദീകരണം തേടി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതർക്കും കത്ത് നൽകിയതെന്ന് പിണറായി വ്യക്തമാക്കി. നിലവിലുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചാൽ ഓഹരി കൈമാറ്റത്തിന് അനുമതി ലഭിക്കാനിടയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂൺ 30-നാണ് അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറുന്ന വിവരം പുറത്തുവന്നത്. അതിന് ഒരു ദിവസം മുമ്പ്, ജൂൺ 29-ന് തന്നെ സെബിക്ക് അപേക്ഷ നൽകിയിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ സർക്കാരിന് ഇത്തരമൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും പിണറായി ഓർമ്മിപ്പിച്ചു.

നിയമം, ധനകാര്യം, തുറമുഖം എന്നീ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിലായിട്ടും ഇത്രയും ഗൗരവമുള്ള വിഷയത്തിൽ സർക്കാർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. സെബിയെ സമീപിക്കുകയോ നിയമോപദേശം തേടുകയോ ചെയ്തിട്ടില്ലെന്നും, ഇതിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയരുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സുപ്രധാന വികസന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിൽ ജനങ്ങളുടെ നികുതിപ്പണം നിക്ഷേപിച്ചിട്ടുള്ള സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിനെ അവഗണിച്ച് സ്വകാര്യ കമ്പനികൾക്ക് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നത് ഗൗരവമായ വിഷയമാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

അദാനി-മോദി കൂട്ടുക്കെട്ടിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായി പ്രതികരിച്ചത് രാഹുൽ ഗാന്ധിയാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഇക്കാര്യത്തിൽ പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അദാനിക്ക് തോന്നിയ പോലെ ചെയ്യാനാകുക എന്നാണ് വേണുഗോപാൽ പറഞ്ഞത്. പക്ഷേ എങ്ങനെയാണ് ബിജെപി ഭരിക്കുന്നത് പോലെയുള്ള ഒരു പരിഗണന കേരളത്തിൽ അദാനി ഗ്രൂപ്പിന് ലഭിച്ചത്. കോൺഗ്രസ് നേതൃത്വത്തിനും സംശയമുണ്ട്.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്നും, അത് കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കങ്ങൾ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ വക്താവെന്ന നിലപാട് ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img