ഇന്ന് ഏറെ വൈറലായ വയനാടിനെക്കുറിച്ച് എഴുതിയ ഈ ഗാനത്തിന്റെ രചയിതാവും പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നിനേയും കുടുംബത്തേയുമാണ് ‘മഹിളാരത്‌നം’ വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
കുന്നോളം സ്‌നേഹം
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ആണ് വിവേകിന്റെ സ്വന്തം നാട്. എഴുത്തിന്റെ ദേവിയായ മൃദംഗശൈലേശ്വരിയുടെ ദേശം. പഴശ്ശി രാജാവിന്റെ ആരാധ്യദേവത. കഥകളിയുടെ കീർത്തികേട്ട വന്ദനശ്ലോകവും ഇവിടുത്തേതാണ്.
മുഴക്കുന്ന് ഗ്രാമീണ വായനശാലയാണ് ജീവിതത്തിന്റെ അടിത്തറ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവിടുത്തെ പുസ്തകങ്ങളും സൗഹൃദങ്ങളും എന്നെ പരുവപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആ വായനശാലയുടെ മണം ഇപ്പോഴും എന്നിലുണ്ട്. കൊച്ചിയിലെ കുമ്പളത്തുള്ള വില്വാദ്രിയിലിരുന്ന് വിവേക് ഓർമ്മകളുടെ പുസ്തകത്താളുകൾ മറിച്ചുതുടങ്ങി.
തങ്ങൾക്ക് സ്വന്തം നാടിന്റെ പിന്തുണ കിട്ടാറില്ലെന്ന് പല കലാകാരന്മാരും പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ അനുഭവം നേരെ മറിച്ചാണ്. മുഴക്കുന്ന് എന്നെ സംബന്ധിച്ച് കേവലം ഒരു നാടിന്റെ പേരല്ല. നാടാണ് എല്ലാം.
മുഴക്കുന്നിലെ വീടിന്റെ പേര് മലയാളം എന്നാണ്. അമ്മ സരസ്വതി അച്ഛൻ സുബ്രഹ്മണ്യൻ. അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് പതിനഞ്ച് വർഷമായി. ഏക സഹോദരൻ വികാസ് നാരായണനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. അനിയനെങ്കിലും അവൻ എന്റെ വഴികാട്ടി കൂടിയായിരുന്നു. അഞ്ചുവർഷം മുൻപ് അപ്രതീക്ഷിതമായി എത്തിയ ഹൃദയാഘാതം അവനെ കൊണ്ടുപോയി. അമ്മയ്ക്ക് രണ്ട് സഹോദരങ്ങൾ. കൃഷ്ണനും ഗോവിന്ദനും. അമ്മയും സഹോദരങ്ങളും ഒരു കടലാസ് കഷണം കിട്ടിയാൽ പോലും വായിക്കും. കൃഷ്ണമ്മാവന്റെ വലിയ പുസ്തകശേഖരം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അമ്മയുടെയും സഹോദരങ്ങളുടെയും പുസ്തകപ്രേമം ഞാൻ എപ്പോഴും അത്ഭുതത്തോടെയാണ് കാണാറുള്ളത്.
അച്ഛന്റെ മണമുള്ള ഓണം
ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. സഞ്ചി നിറയെ ഓണക്കോടികളുമായി വരുന്ന അച്ഛനാണ് എന്റെ മഹാബലിയും ഓണവുമെല്ലാം. ഒരു ഓണഅവധിക്ക് അമ്മാവൻ സമ്മാനിച്ച റേഡിയോ, അച്ഛൻ വാങ്ങി വന്ന പാനാസോണിക്കിന്റെ ടേപ്പ് റെക്കോർഡർ, എന്റെ ജീവിതത്തിൽ ഓണം നിറച്ച രണ്ട് സമ്മാനങ്ങളാണ്.
വാർത്തയുടെ ഇടവേളയിലെ
പാട്ടുജീവിതം
ഇരുപത് വർഷത്തിലധികമായി മാധ്യമപ്രവർത്തനം തുടങ്ങിയിട്ട്. ദീപികയിലായിരുന്നു തുടക്കം. പിന്നെ ഇന്ത്യാവിഷനിൽ. മനോരമ ന്യൂസിലെത്തിയിട്ട് പതിനഞ്ച് വർഷമായി. എഡിറ്റോറിയൽ വിഭാഗത്തിൽ സീനിയർ ന്യൂസ് പ്രൊഡ്യൂസറാണിപ്പോൾ. ഇഷ്ടത്തോടെയാണ് മാധ്യമപ്രവർത്തകനായി ജീവിക്കുന്നത്.
സമൂഹത്തിന്റെ വിവിധ തുറകളിലെ മനുഷ്യരുമായി അടുത്തിടപഴകാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമല്ലേ. ജാഗ്രതയും ഉത്തരവാദിത്വവും അനുനിമിഷം ആവശ്യമുണ്ട് മാധ്യമപ്രവർത്തനത്തിൽ. പുതിയ കാലത്തെ മീഡിയയെക്കുറിച്ചും മീഡിയാ പ്രവർത്തകരെക്കുറിച്ചുമൊക്കെ വിമർശനങ്ങൾ ഏറെയുണ്ട്. പലതും ശരിയുമാണെന്നാണ് വിവേകിന്റെ ഭാഷ്യം. ഈ മേഖലയിലേക്ക് വരുന്ന കുട്ടികളോട് എനിക്ക് പറയാനുള്ളത് രണ്ട് കാര്യങ്ങളാണ്. മാധ്യമപ്രവർത്തനത്തെ ഗൗരവമായി കാണുക, മലയാള ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുക.
കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി വിവേക് അഭിമുഖം നടത്താത്തവർ കുറവാണ് സിനിമയിൽ.
സൂപ്പർ സ്റ്റാർ മുതൽ ലൈറ്റ് ബോയ് വരെയുള്ള വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്നു. തൊഴിലിനോടുള്ള ആത്മാർത്ഥതയ്ക്ക് അംഗീകാരം നൽകി നിരവധി പുരസ്‌ക്കാരങ്ങൾ വിവേകിനെ തേടിയെത്തി. പ്രളയകാലത്ത് അട്ടപ്പാടിയിൽ ഗർഭിണിയെയും കുട്ടിയെയും രക്ഷപ്പെടുത്താൻ വിവേക് നടത്തിയ ഇടപെടൽ ഒരുപാട് അഭിനന്ദങ്ങൾക്ക് കാരണമായി.
ഗർഭിണിയെ കരയിലെത്തിച്ചശേഷം അവരുടെ അഭിമുഖം എടുക്കാതെ അവർക്ക് വിശ്രമമാണ് ആവശ്യമെന്ന് പറഞ്ഞ് അവിടെനിന്ന് പിൻവാങ്ങിയത് ടെലിവിഷൻ ചരിത്രത്തിൽ തന്നെ അപൂർവ്വം കാഴ്ചയായിരുന്നു.
ശോകഗാനങ്ങളുടെ ആരാധകനാണ് ഞാൻ. ശ്രീകുമാരൻ തമ്പിയും പൂവച്ചൽ ഖാദറും ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമൊക്കെ എഴുതിവച്ച സങ്കടപ്പാട്ടുകളാണ് പലപ്പോഴും കേൾക്കാറ്. എന്തുതന്നെയായാലും അത്തരം പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് പുതിയൊരു ഉണർവ്വ് ലഭിക്കാറുണ്ട്.
പാട്ടിലേക്കുള്ള വഴി
സ്‌ക്കൂൾകാലത്ത് കവിതകളും കഥകളുമൊക്കെ എഴുതിയിട്ടുണ്ട്. കയ്യെഴുത്ത് മാഗസിനുകളുടെ എഡിറ്ററുമായിട്ടുണ്ട്.
ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് സിനിമയ്ക്ക് ഒരു പാട്ട് എഴുതണമെന്ന മോഹം ഉള്ളിലുദിക്കുന്നത്. ഒരു പാട്ട് മാത്രം എഴുതിയാൽ മതി. അതും ഒരു ശോകഗാനം. ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് അറിഞ്ഞിട്ടും ആ സ്വപ്നത്തിന്റെ നിറം ഒട്ടും മങ്ങിയില്ല. സ്വപ്നം ജീവിതത്തിൽ ഒപ്പം കൂട്ടിയത് കൊണ്ടാകണം വൈകിയെങ്കിലും അത് യാഥാർത്ഥ്യമായത്. ശ്രീജിത്ത് ഇടവനയുടെ സംഗീതത്തിൽ ഹരിശങ്കർ പാടിയ 'കാതങ്ങളായി പോകുന്നിതാ...' അങ്ങനെ എന്റെ ആദ്യഗാനം പിറന്നു.
ഭാഗ്യം നിറഞ്ഞ പാട്ട്
രാജീവ് ഷെട്ടി സംവിധാനം ചെയ്ത തിരിമാലി എന്ന ചിത്രത്തിലായിരുന്നു ആദ്യഗാനം. അവസരം തേടിയെത്തിയതല്ല, ചോദിച്ചുവാങ്ങിയതാണ്. സിനിമയുടെ നിർമ്മാതാവ് എസ്.കെ. ലോറൻസും അദ്ദേഹത്തിന്റെ ഭാര്യ റാണിയും ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായിരുന്നു. സിനിമയുടെ ചർച്ചകളിൽ ഇടയ്ക്ക് പങ്കെടുത്തിരുന്നു. അതിനിടയിൽ ആര് പാട്ട് എഴുതും എന്ന ചർച്ച വന്നപ്പോൾ ഞാനൊന്ന് ശ്രമിക്കട്ടെ എന്ന് ചോദിച്ചു. ലോറൻസ് സാറിന്റെയും റാണിച്ചേച്ചിയുടേയും ഉറപ്പ് കിട്ടിയപ്പോൾ സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന പ്രോത്സാഹിപ്പിച്ചു. സിനിമയിലെ മൂന്ന് പാട്ടുകളും എഴുതിക്കൊണ്ട് പാട്ടെഴുത്ത് ലോകത്തേക്ക് കാലെടുത്തുവച്ചു.
മാമ്പൂ മണമിതാ...
ആദ്യസിനിമയ്ക്ക് പിന്നാലെ തുടർച്ചയായി അവസരം ലഭിച്ചു. പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രമുഖരുടെ സിനിമകളിൽ പാട്ടെഴുതി. ആദ്യം പ്രവർത്തിച്ച ശ്രീജിത്ത് ഇടവനയ്ക്കുവേണ്ടി പത്തോളം പാട്ടുകൾ എഴുതി. വി.കെ. പ്രകാശ് പുതിയ സിനിമകളിലേക്ക് തുടർച്ചയായി വിളിച്ചത് സന്തോഷം നൽകി. സ്വന്തം വരികൾ പ്രമുഖ ഗായകർക്കൊപ്പം താരങ്ങളായ ഇന്ദ്രജിത്ത്, മംമ്താ മോഹൻദാസ്, ജോണി ആന്റണി, ബിബിൻ ജോർജ്ജ്, ധർമ്മജൻ തുടങ്ങിയവർ പാടുന്നത് കേൾക്കാൻ അവസരമുണ്ടായി. തണുപ്പ് എന്ന ചിത്രത്തിനുവേണ്ടി ബിബിൻ അശോക് ഈണമിട്ട 'മാമ്പൂ മണമിതാ മേലാകെയായി...' എന്ന പാട്ടാണ് വഴിത്തിരിവായത്. നിർമ്മാതാവ് അനു അനന്തനോടും സംവിധായകൻ രാഗേഷ് നാരായണനോടും പ്രത്യേക കടപ്പാടുണ്ട്. പുതിയ പാട്ടുകളുമായി പത്തോളം സിനിമകൾ പുറത്തിറങ്ങാനുണ്ട്.
സംസാരമദ്ധ്യേ ശ്വേത വന്നു. എറണാകുളം ഉദയംപേരൂർ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ ഗണിത അദ്ധ്യാപികയാണ് ശ്വേത. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള കണ്ണൂർ തില്ലങ്കേരിയിലാണ് വീട്. ഓണം എപ്പോഴും നാടിന്റെ ഉത്സവമായാണ് ആഘോഷിക്കാറുള്ളത്.
കാലം മാറിയിട്ടും അതിന് കുറവ് വന്നിട്ടില്ല. കുടുംബത്തിൽ കുറേ കസിൻസ് ഉണ്ട്. അവർ വരുന്നതും അവർക്കൊപ്പം ഓടിച്ചാടി നടക്കുന്നതും മറ്റൊരു സന്തോഷം. അച്ഛൻ കുറേക്കാലം അദ്ധ്യാപകനായിരുന്നു. അച്ഛൻ പോയതിനുശേഷം വലിയ ഓണാഘോഷങ്ങൾ ഉണ്ടായിട്ടില്ല.
അടുക്കള രഹസ്യം
അപ്പുവേട്ടൻ എപ്പോഴും വളരെ റൊമാന്റിക്കാണ്. എന്നെ കുട്ടീ എന്നാണ് വിളിക്കാറ്. ഞാൻ അപ്പുവേട്ടൻ എന്നും. പിന്നെ നല്ലൊരു കേൾവിക്കാരനുമാണ്. എല്ലാവരെയും കേൾക്കും. പെട്ടെന്ന് ദേഷ്യം വരുന്ന ആളല്ല. കുറച്ച് വൈകിയാലും എല്ലാ പ്രശ്‌നങ്ങളും സമാധാനത്തോടെ പരിഹരിക്കും. ഇഷ്ടങ്ങൾ അറിഞ്ഞ് വിട്ടുവീഴ്ച ചെയ്യുക എന്ന ഒരു സമീപനം പലപ്പോഴും പരസ്പരം സ്വീകരിക്കാറുണ്ട്. അപ്പുവേട്ടന് ഒരുപാട് സൗഹൃദങ്ങളുണ്ട്.
കുടുംബവും തൊഴിലും രണ്ടായി കാണാത്തതുകൊണ്ടാവാം പലയിടത്തും ഞങ്ങൾ ഒന്നിച്ചാണ് പോകാറ്. അതുകൊണ്ട് അപ്പുവേട്ടന്റെ സുഹൃത്തുക്കൾ പലപ്പോഴും എന്റെയും സുഹൃത്തുക്കളായി മാറും. അടുക്കളയിൽ അപ്പുവേട്ടൻ കയറിത്തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. പരസ്പരം സഹായിച്ച് മുന്നോട്ടുപോവുക, അതാണ് ഏറ്റവും വലിയ ശരി എന്നാണ് എന്റെ അഭിപ്രായം. ശ്വേത പറഞ്ഞ് നിർത്തിയപ്പോൾ വിവേക് ചിരിച്ചുകൊണ്ട് ശ്വേതയെ നോക്കി. അപ്പുവേട്ടൻ എന്റെ ജീവിതത്തിലേക്ക് എത്തിയിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങൾ വിവാഹിതരായത്.
അപ്പുവേട്ടനും മോനും ജീവിതത്തിൽ വന്നശേഷം എപ്പോഴും ഓണം ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. ഏകമകൻ കേദാർ വിവേക് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. നിരവധി പരസ്യചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ച കേദാർ കഥകളിയും അഭ്യസിക്കുന്നുണ്ട്. അഭിനയത്തോടാണ് കേദാറിന് മോഹം.
എന്റെ പേനയും പേനയിലെ മഷിയുമൊക്കെ ശ്വേതയും ശ്വേതയുടെ വാക്കുകളുമാണ്. എന്റെ ആദ്യ വായനക്കാരിയും ശ്വേതയാണ്. പുസ്തകവായനയിലും ശേഖരത്തിലുമൊക്കെ ശ്വേത എപ്പോഴും മുന്നിൽതന്നെയാണ് -വിവേക് ഇടയ്ക്ക് കയറിപ്പറഞ്ഞു.
'തിരുവോണത്തിന് കോടിയുടുക്കാൻ
കൊതിക്കുന്നു തെരുവിൻ മക്കൾ
അവർക്കില്ല പൂമുറ്റങ്ങൾ
പൂ നിരത്തുവാൻ
വയറിന്റെ രാഗം കേട്ടെ
മയങ്ങുന്ന വാമനൻമാർ
അവർക്കോണക്കോടിയായി നീ വാ... വാ.'
ശ്രീകുമാരൻ തമ്പി സാറിന്റെ ഈ വരികൾ എന്റെ ബോധമണ്ഡലത്തിൽ എപ്പോഴും ഉണ്ട്. ഇത്തവണ ഓണാഘോഷമില്ല. വയനാട് കരയുമ്പോൾ എങ്ങനെ ആഘോഷിക്കും? വയനാടിന് വേണ്ടി ഒരു പാട്ടെഴുതി. അത് വയനാടിനുവേണ്ടിയുള്ള എന്റെ ഉണർത്തുപാട്ടാണ്. ആളുകൾ അതിനെക്കുറിച്ച് നല്ലത് പറയുന്നു. സന്തോഷം. വയനാട് എന്റേതുകൂടിയാണല്ലോ...
'ചുരം നടന്ന് വന്നിടാം
കരൾ പകുത്ത് തന്നിടാം
ഉള്ളുപൊട്ടി എങ്കിലും
ഉലകമുണ്ട് കൂട്ടിനായ്
പഴശ്ശിതന്നൊരോർമ്മയിൽ
വെളിച്ചമായ് മാറുക
ചിറകുതുന്നി- വാനിലായ്
തെളിച്ചമായി വാഴുക.
ബിജിബാലിന്റെ ശിഷ്യനും ഗായകനുമായ രഞ്ജിത്ത് ജയരാമനാണ് പാട്ടിന്റെ ഈണവും ആലാപനവും.
സ്‌നേഹിക്കുന്നവർക്ക് എന്നും ഓണമാവട്ടെ എന്നാണ് വിവേകിന്റേയും കുടുംബത്തിന്റേയും ആഗ്രഹവും പ്രാർത്ഥനയും. എല്ലാ ‘മഹിളാരത്‌നം’ വായനക്കാർക്കും ഓണാശംസകൾ നേരാനും അവർ മറന്നില്ല.
Photo Courtesy - ഫോട്ടോ: ആനന്ദ് കോവളം