
ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ നടത്തിയ മാസ്ക് മാൻ ചിന്നയ്യ പരാതിയോടൊപ്പം ഒരു തലയോട്ടിയും പോലീസിന് കൈമാറിയിരുന്നു. താൻ കുഴിച്ചുമൂടിയ സ്ത്രീകളിൽ ഒരാളുടെ തലയോട്ടിയാണെന്നും തെളിവിനായി കുഴിച്ചെടുത്തതാണെന്നുമെന്നാണ് അയാൾ പോലീസിലും കോടതിയിലും പിന്നീട് എസ് ഐ ടിയോടും പറഞ്ഞിരുന്നത്. കേസ്സിന്റെ ബലത്തിനായിരുന്നത്രെ അത്. എന്നാൽ ആ തലയോട്ടി ഒരു പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് എസ് ഐ ടി യിൽ സംശയം ജനിപ്പിച്ചു.അത് കുഴിച്ചെടുത്ത സ്ഥലം കാട്ടിക്കൊടുക്കാൻ ചിന്നയ്യയ്‌ക്ക് കഴിഞ്ഞതുമില്ല. അയാൾക്ക് വിസിൽ ബ്ലോവർ പരിരക്ഷയുള്ളതിനാൽ മറ്റുവിധത്തിൽ ചോദ്യം ചെയ്യുന്നതിന് എസ് ഐ ടിയ്‌ക്ക് പരിമതിയുണ്ടായിരുന്നു. നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ മറവു ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയാണ് മാസ്ക് മാൻ രാജ്യത്തെ തന്നെ ഞെട്ടിച്ചത്. മൃതദേഹങ്ങൾ കഴിച്ചിട്ട പതിനേഴോളം ഇടങ്ങൾ നാടകീയമായ രീതിയിൽ അയാൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ ആ സ്ഥലങ്ങൾ കുഴിച്ചുപരിശോധിച്ചിട്ടും തെളിവുകൾ കിട്ടാതായതോടെയാണ് എസ് ഐ ടി നിലപാട് മാറ്റിയത്. മാസ്ക് മാൻ ചിന്നയ്യയെ പ്രതിയാക്കി എസ് ഐ ടി കേസ്സെടുത്തു. കോടതിയിൽ ഹാജരാക്കിയ അയാളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് മുറയിൽ ചോദ്യം ചെയ്തു. പലരുടെയും പേരുകൾ പറഞ്ഞ് അയാൾ വീണ്ടും കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും എസ് ഐ ടി വിട്ടില്ല. വിട്ടൽഗൗഡ എന്ന ആളാണ് തലയോട്ടി നൽകിയതെന്ന് അയാൾ സമ്മതിക്കുകയായിരുന്നു. പതിമൂന്ന് വർഷം മുമ്പ് ധർമ്മസ്ഥലയിൽവെച്ച് ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സൗജന്യ എന്ന കോളേജ് വിദ്യാർത്ഥിനിയുടെ അമ്മാമനായ വിട്ടൽഗൗഡ ആക്ഷൻ കൗൺസിലിന്റെ മുൻ നിരയിൽനിന്ന് പ്രവർത്തിച്ച ആളാണ്. വിട്ടൽ ഗൗഡയെ എസ് ഐ ടി വിശദമായി ചോദ്യം ചെയ്തു. ബംഗളെ ഗുഡ്ഡയിലെ വനത്തിൽ നിന്നാണ് തലയോട്ടി കുഴിച്ചെടുത്തതെന്ന് സമ്മതിച്ച വിട്ടൽ ഗൗഡ ആ സ്ഥലം എസ് ഐ ടിയ്‌ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയാകട്ടെ ബംഗളെ ഗുഡ്ഡയിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടിയതായി പറഞ്ഞിരുന്നില്ല. (അയാൾ ഇപ്പോൾ ശിവമോഗ ജയിലിലാണ്) ബംഗളെ ഗുഡ്ഡയിൽ നിരവധി മൃതദേഹാവശിഷ്ടങ്ങൾ കണ്ടതായി വിട്ടൽഗൗഡയുടെ പേരിൽ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ബെൽത്തങ്ങടി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലുള്ള വനപ്രദേശമാണ് ബംഗളെ ഗുഡ്ഡ.ഫോറസ്റ്റ് ജീവനക്കാരെ വിളിച്ചുവരുത്തി എസ് ഐ ടി ചില വിവരങ്ങൾ ആരാഞ്ഞു. ക്ഷേത്രപരിസരത്ത് വെച്ച് മരണപ്പെട്ട ചില അജ്ഞാതരുടെ മൃതദേഹങ്ങൾ ഫോറസ്റ്റ് അധികൃതരുടെ അനുവാദത്തോടെ പഞ്ചായത്ത് ജീവനക്കാർ പലകാലത്തായി ബംഗളെ ഗുഡ്ഡയിലെ വനത്തിൽ സംസ്കരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അക്കൂട്ടത്തിൽ മറ്റു മൃതദേഹങ്ങളുണ്ടോ എന്ന സംശയമാണ് ഉയർന്നിട്ടുള്ളത്. ബംഗളെ ഗുഡ്ഡയിൽ വിട്ടൽ ഗൗഡ തലയോട്ടി കുഴിച്ചെടുത്ത സ്ഥലവും സംശയമുള്ള മറ്റിടങ്ങളും കുഴിച്ചുപരിശോധിക്കാൻ എസ് ഐ ടി ഒരുങ്ങുകയാണ്.
Photo Courtesy - Google