
നിലമേൽ സ്വദേശി വിസ്മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. കിരൺകുമാറിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരൺ കുമാർ കേരള ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി ശിക്ഷാവിധി മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധി വരുന്നതു വരെയാണ് കിരണിന് ജാമ്യം. ഈ കാലയളവിൽ മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാനോ പാടില്ല എന്നതുൾപ്പടെ കർശന ഉപാധികളോടെയാണ് ജാമ്യം.
2021 ജൂൺ 21നാണ് കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയായപ്പോൾ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരൺ കുമാർ കുറ്റക്കാരനെന്നു കാട്ടി കൊല്ലം ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു.
പത്തു വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ കിണിനെതിരെ തെളിഞ്ഞിരുന്നു. ഈ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചത്.











