
ദോഹ: സെപ്റ്റംബർ 14 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (ATM 2026) പങ്കാളികളാകാൻ 'വിസിറ്റ് ഖത്തർ' ഒരുങ്ങുന്നു. "യാത്ര 2040: ഇന്നൊവേഷനിലൂടെയും സാങ്കേതികവിദ്യയിലൂടെയും പുതിയ മേഖലകളിലേക്ക്" (Travel 2040: Driving New Frontiers Through Innovation and Technology) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്.
ഹോട്ടലുകളും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികളും അടക്കം 50 പങ്കാളികൾ അടങ്ങുന്ന പ്രതിനിധി സംഘത്തെയാണ് വിസിറ്റ് ഖത്തർ നയിക്കുന്നത്. സയീദ് ഹാൾ, സ്റ്റാൻഡ് ME1520-ൽ സ്ഥിതി ചെയ്യുന്ന പ്രത്യേക ഖത്തർ പവലിയനിൽ രാജ്യത്തിന്റെ വൈവിധ്യമാർന്ന വിനോദസഞ്ചാര സാധ്യതകൾ പ്രദർശിപ്പിക്കും.
650 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിലായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഖത്തർ സ്റ്റാൻഡിൽ ആകർഷകമായ നിരവധി ഇൻഫർമേഷൻ സംവിധാനങ്ങളും തത്സമയ അനുഭവങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.ടാബ്‌ലെറ്റ് ഉപയോഗിച്ച് കാഴ്ച, ശബ്ദം, അന്തരീക്ഷ പ്രഭാവങ്ങൾ എന്നിവയിലൂടെ ഖത്തറിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകർക്ക് നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുന്ന ഇമ്മേഴ്‌സീവ് റൂം,അറബിക് കാലിഗ്രാഫി, തസ്ബീഹ് മാല (മിസ്ബഹ) നിർമ്മാണം, പരമ്പരാഗത ശിരോവസ്ത്ര കയർ (അഗാൽ) നിർമ്മാണം തുടങ്ങിയ ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തത്സമയ പ്രദർശനങ്ങൾ.ഖത്തറിൽ വരാനിരിക്കുന്ന പ്രധാന പരിപാടികളും ആഘോഷങ്ങളും വിനോദ അനുഭവങ്ങളും സംബന്ധിച്ച വിവരങ്ങൾ ട്രാവൽ പ്രൊഫഷണലുകൾക്കായി പവലിയനിൽ പങ്കുവെക്കും.
മധ്യപൂർവേഷ്യയിലെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മകളിലൊന്നായ എ.ടി.എം 2026-ലൂടെ ആഗോള വിനോദസഞ്ചാര രംഗത്ത് ഖത്തറിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും അന്താരാഷ്ട്ര സഹകരണങ്ങൾ വ്യാപിപ്പിക്കാനുമാണ് 'വിസിറ്റ് ഖത്തർ' ലക്ഷ്യമിടുന്നത്.










