02:21am 22 September 2026
NEWS
ജാതി-ജാതക രഹിത വിവാഹത്തിന് പ്രോൽസാഹനം നൽകും വിശ്വഹിന്ദു പരിഷത്ത്
21/09/2026  11:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജാതി-ജാതക രഹിത വിവാഹത്തിന് പ്രോൽസാഹനം നൽകും വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: ഹിന്ദു യുവതി യുവാക്കളുടെ വിവാഹത്തിന് തടസ്സമായി ജാതിയും ജാതകവും മാറുന്ന സാഹചര്യങ്ങൾ പരിഗണിച്ച് ജാതി- ജാതക - ആർഭാട രഹിത വിവാഹത്തിന് പ്രേരണയും സഹായവും നൽകാനും ക്ഷേത്രങ്ങളിൽ മേൽ വസ്ത്രമിട്ട് പുരുഷൻമാർക്ക് പ്രവേശിക്കാൻ സ്വാതന്ത്യവും നൽകുന്ന സുപ്രധാന തീരുമാനങ്ങളെടുത്ത് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന നേതൃ യോഗം സമാപിച്ചു. പാവക്കുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംഘടനയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഈ പുരോഗമനപരമായ തീരുമാനങ്ങൾ കൈ കൊണ്ടത്. എല്ലാക്കാലത്തും സ്വയം നവീകരണത്തിനും പരിഷ്കാരങ്ങൾക്കും വിധേയമാകുന്ന ഒരു ജീവിതക്രമമാണ് ഹൈന്ദവ സംസ്കാരം നൽകുന്നത് എന്നും ക്ഷേത്രപ്രവേശന വിളംബരം, പാലിയം വിളംബരം, ശ്രീനാരായണഗുരുദേവൻ നടത്തിയ ശിവലിംഗ പ്രതിഷ്ഠ തുടങ്ങിയവ തന്നെ ഇതിൻ്റെ പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ് എന്നും സംഘടന വിലയിരുത്തി. ഹിന്ദു ജനസംഖ്യ അനുദിനം കുറഞ്ഞുവരുന്ന സംസ്ഥാനത്ത് അതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്  കൃത്യമായ സമയത്ത് വിവാഹം നടക്കാതിരിക്കുന്നതും ഉയർന്ന വിവാഹപ്രായവും ആണെന്ന വിദഗ്ദരുടെയും ജനസംഖ്യാ ശാസ്ത്ര റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം സംഘടന കൈക്കൊണ്ടത്. ഹിന്ദുമതത്തിലെ വിവിധ ജാതികളിലെ യുവതി യുവാക്കൾ തമ്മിലുള്ള വിവാഹത്തിന് ആവശ്യമായ ഒരു പൊതു സംവിധാനം തയ്യാറാക്കാനും ജാതക ചേർച്ച നോക്കാതെ അത്തരക്കാർക്ക് വിവാഹം നടത്താനുള്ള അവസരവും സഹായവും ഒരുക്കാനും സംഘടന കർമ്മപരിപാടികൾക്ക് രൂപം നൽകും. ജ്യോതിഷത്തിനെതിരായ നീക്കമല്ല ഇതെന്നും കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന കുറഞ്ഞ ജനസംഖ്യ വളർച്ചയെ നേരിടാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനമെന്നും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അനിൽ വിളയിൽ പറഞ്ഞു. ഇതേ പോലെ തന്നെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് തൃശൂരിൽ നടന്ന സന്യാസി സംഗമത്തിലെ നിർദ്ദേശ പ്രകാരം ഹിന്ദുക്കളായ പുരുഷന്മാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് മേൽ വസ്ത്രം ഒരു തടസ്സമായി നിൽക്കാൻ പാടില്ല എന്നതിന്റെ അടിസ്ഥാനത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാനത്തെ 200 പരം ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം ധരിച്ചുകൊണ്ട് പുരുഷന്മാർക്ക് പ്രവേശിക്കാനുള്ള അവസരവും ഇനിമുതൽ ഉറപ്പുവരുത്തും. സംഘടനയുടെ നേതൃത്വത്തിലുള്ള പാവക്കുളം മഹാദേവക്ഷേത്രം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയിടങ്ങളിൽ ഈ തീരുമാനം മുൻപിനാലേ തന്നെ നടപ്പാക്കി തുടങ്ങിയെന്നും അതിനെ യുവസമൂഹം പിന്തുണച്ചിട്ടുണ്ട് എന്നും സംഘടന വിലയിരുത്തുന്നു. സംസ്ഥാനത്തെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മറ്റ് സ്വകാര്യ ക്ഷേത്രങ്ങളിലും ഈ മാറ്റം കൊണ്ടുവരുന്നതിന് തന്ത്രിസമാജവുമായി ചർച്ചകൾ നടത്താനും ദേവസ്വം ബോർഡുകൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബ്ജരംഗ്ദൾ ദുർഗ്ഗാവാഹിനി പ്രവർത്തകർക്ക് വേണ്ടി ജിംനേഷ്യങ്ങൾ ബലോപാസനാ കേന്രങ്ങൾ എന്ന പേരിൽ ആരംഭിക്കാനും യോഗം തീരുമാനിച്ചു.കേരളത്തിലെ ഹിന്ദുക്കളുടെ ജനസംഖ്യയിൽ ഉണ്ടാകുന്ന ക്രമാനുഗതമായ കുറവിലും കേരളത്തിലെ ഭരണ സംവിധാനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ പിടിമുറുക്കുന്നതിനും ആശങ്ക രേഖപ്പെടുത്തി യോഗം പ്രമേയങ്ങൾ പാസാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img