02:18am 13 November 2026
NEWS
സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണം വിശ്വഹിന്ദു പരിഷത്ത്
14/03/2026  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണം  വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ മുന്‍ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് സുപ്രീം കോടതിയില്‍ സമ്മതിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ച സര്‍ക്കാര്‍  പൊതു സമൂഹത്തോടും, വിശ്വാസി സമൂഹത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആവശ്യപ്പെട്ടു. കടന്നുകയറ്റക്കാരായ പല വൈദേശിക ശക്തികളും സംഘടിതമായി നൂറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും തകര്‍ക്കാന്‍ പറ്റാത്തതാണ്  ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും സനാതന ധര്‍മ്മവുമെന്ന്  കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ പിണറായി വിജയനും കൂട്ടരും സുപ്രീം കോടതിയില്‍ സമ്മതിച്ചിരിക്കുകയാണ്. ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍  ഇതര മതസ്ഥരുടെ ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും വിശ്വാസ സമൂഹത്തെ പോലും അതിശയിപ്പിക്കും വിധം വിനീതവിധേയരായി പെരുമാറുന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. 

അവിശ്വാസികളായ യുവതികളെ പ്രവേശിപ്പിച്ച് അയ്യപ്പന്റെ പരിപാവനമായ പൂങ്കാവനത്തെ മലീമസപ്പെടുത്താന്‍ പോലീസിനും മറ്റ് സംവിധാനങ്ങള്‍ക്കുമായി കോടിക്കണക്കിന് രൂപയാണ് ചിലവിട്ടത്. സുപ്രീം കോടതിയില്‍ കേസുകള്‍ നടത്താന്‍ വീണ്ടും പൊതു ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍  ചിലവഴിക്കുന്നു. സമൂഹത്തിലെ അശരണരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇപ്രകാരം അനാവശ്യ കേസുകള്‍ക്കായി സര്‍ക്കാര്‍ ചിലവിടുന്നത്. ഇതിനും പുറമെയാണ് ആഗോള അയ്യപ്പസംഗമത്തിന്റെ പേരിലുള്ള വെട്ടിപ്പും, ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയും.  

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുകൂലമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ആചാര സംരക്ഷണത്തിനായി സമരം ചെയ്ത വിശ്വാസികള്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും സമസ്ത അപരാധവും ഏറ്റ് പറഞ്ഞ് പൊതുസമൂഹത്തോടും, വിശ്വാസി സമൂഹത്തോടും പരസ്യമായി മാപ്പ് പറയണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img