
കൊച്ചി: വിശ്വപ്രസിദ്ധമായ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന അഴിമതി, സ്വർണാപഹരണം എന്നിവ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ ബജരംഗ ലാൽ ബാഗ്റ ആവശ്യപ്പെട്ടു. ഈ കാര്യം ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം ഇന്നലെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതായും അദ്ദേഹം എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമല ഉൾപ്പെടെ സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന സ്വർണം, വെള്ളി, ചെമ്പ്, വജ്രങ്ങൾ, രത്നങ്ങൾ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തണം. ഇതുവരെ ഇത്തരം വഴിപാടുകൾ അലക്ഷ്യമായാണ് കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇവയൊക്കെ വൻതോതിൽ അപഹരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. ക്ഷേത്ര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ ചുമതലയൊഴിയുമ്പോഴും പകരം ചുമതലക്കാർ എത്തുമ്പോഴും ഹാന്റ് ഓവർ, ടേക്കിംഗ് ഓവർ രേഖകൾ ഉണ്ടാവണം. ഇത്തരത്തിലുള്ള കഴിഞ്ഞ 20വർഷത്തെ രേഖകൾ സി.എ.ജി ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് വി.എച്ച്.പി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മതേതര രാജ്യത്ത് ഹിന്ദു മതത്തിന്റെ ആരാധനാലയങ്ങൾ മാത്രം സർക്കാർ കൈകാര്യം ചെയ്യുന്നതിൽ അനൗചിത്യമുണ്ട്. ഈ കാര്യം പുന:പരിശോധിക്കണമെന്നും ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് വി.എച്ച്.പി ദേശവ്യാപക പ്രചാരണ പ്രക്ഷോഭ പരിപാടികൾ നടത്തുന്നുണ്ട്. ക്ഷേത്ര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന സ്വാശ്രയ സംവിധാനം നിലവിൽ വരണം. അതിൽകൂടി സാമൂഹിക ധാർമിക സേവന പ്രവർത്തനങ്ങൾ നടത്തണമെന്നതാണ് വി.എച്ച്.പിയുടെ ആശയം. 11 സംസ്ഥാനങ്ങളിലെ 50,000ൽപ്പരം ഹൈന്ദവ ക്ഷേത്രങ്ങൾ അതത് സർക്കാരുകളുടെ നിയന്ത്രണത്തിലാണെന്നും ബജരംഗലാൽ ബാഗ്റ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Photo Courtesy - Google








