
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
തിരുവോണം
ഗോചരാലും വിഷുഫലം അനുസരിച്ചും അനുകൂലമായ വർഷമാണ്. ന്യായമായതും സമയോചിതവുമായ പ്രവർത്തനങ്ങൾ നടത്തി നേട്ടങ്ങൾ കൈവരിക്കാനാവും. തൊഴിൽരംഗത്ത് അപരാജിതത്വം തുടരുന്നതാണ്. ലാഭകരമായ പ്രവൃത്തികളിൽ മുഴുകും. ഏകോപനം കുറ്റമറ്റതാകും. നേതൃപദവിയിലേയ്ക്ക് ഉയർത്തപ്പെടും. സ്വാശ്രയ വ്യാപാരത്തിൽ വിജയം വന്നെത്തുന്നതാണ്. വിദേശത്ത് കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനും സ്വന്തമായ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താനുമാവും. കുടുംബവൃത്തങ്ങളിൽ സ്വീകാര്യതയേറുന്നതാണ്. പുതുതലമുറയ്ക്ക് മാതൃകയാവത്തക്ക വിധമുള്ള കർമ്മങ്ങൾ ആവിഷ്‌ക്കരിച്ച് അവയിൽ വ്യാപൃതരാവും. ഭൂമി, സ്വർണ്ണം ഇവയിൽ നിന്നും ആദായമേറും. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാനാവും. ഗാർഹികസുഖം ആസ്വദിക്കുന്നതാണ്.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











