
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
തിരുവാതിര
വിജയിക്കുന്നതിന് തീവ്രശ്രമം ആവശ്യമായി വരും. സംരംഭങ്ങൾ തടസ്സപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. ചെയ്തുപോരുന്ന ജോലി ഉപേക്ഷിക്കുന്നതിന് പ്രേരണ വരും. എന്നാൽ മറ്റൊരു ജോലി ലഭിക്കുന്ന കാര്യത്തിൽ ഉറപ്പുണ്ടാവാതെ നിലവിലെ ജോലി ഉപേക്ഷിക്കരുത്. സ്‌നേഹബന്ധം ശിഥിലമാവാനിടയുണ്ട്. പണച്ചെലവ് അമിതമാവും. സുഹൃത്തുക്കളുമായി പിണങ്ങിയകലും. അകാരണമായി വിഷാദിക്കും. ക്ഷോഭിക്കുന്ന ശീലമേറുന്നതാണ്. എല്ലാ രംഗത്തിലും സാമാന്യമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതി. കബളിപ്പിക്കപ്പെടാൻ ഇടയുള്ളതിനാൽ ഏത് കാര്യത്തിലും ജാഗ്രത ആവശ്യമാണ്. രോഗങ്ങൾ ഇടയ്ക്കിടെ ഉപദ്രവിക്കാം. നികുതികളും മറ്റും അടയ്ക്കുന്നതിൽ വീഴ്ച വരാനിടയുണ്ട്. വിദേശത്ത് പഠനം, തൊഴിൽ ഇവ സാധ്യമായേക്കും. നിങ്ങളുടെ ചെലവുകളുടെ നിയന്ത്രണം നിലനിർത്തുന്നത് ഒരു ചെറിയ വെല്ലുവിളി ഉയർത്തിയേക്കാം. യാത്രകൾ പോകുമ്പോൾ ജലസാമീപ്യം ഒഴിവാക്കുക.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











