
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
രേവതി
രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ വിഷുഫലം നേട്ടങ്ങളുടെ കാലഘട്ടമാണ്. കർമ്മരംഗത്തും തൊഴിൽരംഗത്തും വളർച്ച പ്രകടമാവും. അകലങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് ഗൃഹസമീപത്തിലേക്ക് മാറ്റം കിട്ടുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ അർഹതയ്‌ക്കൊത്ത നിയമനം ലഭിക്കും. കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിൽ ഏർപ്പെട്ട നിയമപ്രശ്‌നങ്ങൾ പരിഹൃതമാവും. ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഗവേഷണം പൂർത്തിയാക്കാനാവും. ധനവ്യയം കൂടാനിടയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ഉപദ്രവിക്കാം. എന്നിരുന്നാലും ജീവിതത്തിന്റെ പ്രവാഹഗതി തുടരപ്പെടുന്നതാണ്.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











