
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
പുണർതം
സമ്മിശ്രഫലമുണ്ടാവുന്ന വർഷമാണ്. കാര്യസാധ്യത്തിന് പതിവിലും പ്രയത്‌നിക്കേണ്ടി വരാം. ചിലപ്പോൾ സുലഭവസ്തുക്കൾ ദുർലഭമായി തോന്നും. ആഗ്രഹസാഫല്യത്തിന് കൂടുതൽ കാത്തിരിപ്പ് ആവശ്യമാവും. നിർദ്ദേശങ്ങൾ ആജ്ഞകളാക്കി മാറ്റിയാലും പ്രതീക്ഷിച്ച പിന്തുണ കിട്ടിയേക്കില്ല. സുപ്രധാന തീരുമാനങ്ങൾ പുനരാലോചനയിലൂടെ വേണം കൈക്കൊള്ളാനും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനും. നൂതനസംരംഭങ്ങൾ കരുതലോടെ വേണം സമാരംഭിക്കുവാൻ. വായ്പകൾ നേടാൻ കഴിയുന്നതാണ്. തിരിച്ചടവ് ദുഷ്‌കരമാവും. വിദേശത്ത് പഠിക്കാൻ അവസരം സിദ്ധിക്കുന്നതാണ്. സുഹൃത്തുക്കൾക്കായി കൂടുതൽ സമയം നീക്കിവയ്ക്കുന്നതിന് പകരം സ്വന്തം കാര്യത്തിൽ കുറച്ചുകൂടി ഉത്സുകതയുണ്ടാവുന്നത് അഭികാമ്യം. അർഹമായ അവകാശങ്ങൾ ലഭിക്കും. അനാരോഗ്യം നീങ്ങും. മനഃശക്തിയുണ്ടാവും. ന്യായമായ ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്നതുമാണ്. അഗ്നിഭയം ഉണ്ടാകും.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











