
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
പൂയം
വിഷുഫലം അനുകൂലമാണ്. വിഘ്‌നം ഒഴിഞ്ഞ് കാര്യപ്രാപ്തി ഭവിക്കും. പുതിയ കാര്യങ്ങളിൽ ഉന്മേഷത്തോടെ ഏർപ്പെടുവാനാവും. സാമ്പത്തികലാഭം ഉണ്ടാവുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ആലോചനാപൂർവ്വം ചെയ്യുന്ന നിക്ഷേപങ്ങൾ ആദായകരമാവും. വിഭിന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന ദമ്പതികൾക്ക് ഒരിടത്തേക്ക് സ്ഥലംമാറ്റം കിട്ടുന്നതാണ്. അവിവാഹിതർക്ക് കുടുംബജീവിതത്തിൽ പ്രവേശിക്കാനാവും. കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാവാൻ സാധ്യത കാണുന്നു. പുതുവാഹനം വാങ്ങുന്നതാണ്. പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരം സംജാതമായേക്കും. അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ നേടാൻ പ്രേരണയേകും. ഉന്നതരുടെ വിശ്വാസമാർജ്ജിക്കും. കച്ചവടത്തിൽ ലാഭം ഉയരുന്നതാണ്. വസ്തുവോ വീടോ വാങ്ങാനായേക്കും. ജീവിതപങ്കാളിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി










