
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
മകയിരം
വിഷുഫലം പ്രത്യക്ഷത്തിൽ ഇവർക്ക് അനുകൂലമല്ല. എന്നാൽ ഇടവക്കൂറുക്കാരായ മകയിരം നാളുകാർക്ക് ഗുണഫലങ്ങൾ പലതും അനുഭവവേദ്യമാകും. സ്ഥിരമായ തൊഴിലും വേതനവും വന്നുചേരുന്നതാണ്. നാട്ടിലെ വസ്തു വിറ്റ് ആ പണം ഉപയോഗിച്ച് പട്ടണത്തിൽ ഫ്‌ളാറ്റ് വാങ്ങാനാവും. വ്യവഹാരങ്ങൾ കോടതിക്ക് പുറത്തുവച്ച് പരിഹരിക്കാൻ കഴിയുന്നതാണ്. പ്രണയികൾ വിവാഹജീവിതത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. മിഥുനക്കൂറുകാരായ മകയിരം നാളുകാർക്ക് ഏതുകാര്യവും വൈകി മാത്രമാവും ഫലവത്താവുക. വ്യാപാരത്തിൽ ആദായം കുറയാനിടയുണ്ട്. ധനപരമായ അമളികൾ വരാനിടയുള്ളതിനാൽ കരുതലുണ്ടാവണം. അടുത്ത ബന്ധുക്കളുടെ വേർപാട് മനഃക്ലേശത്തിന് കാരണമാകുന്നതാണ്. വാഹനം, യന്ത്രം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം. തൊഴിലിൽ പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുകയാവും അഭികാമ്യം. സർക്കാർ ധനസഹായം, ചിട്ടി, വായ്പ തുടങ്ങിയവ പ്രയോജനപ്പെടുത്തും.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











