
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
മകം
ഗോചരാൽ രാഹുവും ശനിയും മറ്റും അഷ്ടമഭാവത്തിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും വിഷുഫലത്തിന്റെ നിയമങ്ങൾ മകത്തിന് അനുകൂലമാണ്. സ്ഥിരമായ ജോലി ലഭിക്കും. കരാർപണികൾ സ്ഥിരപ്പെടുന്നതാണ്. ഏജൻസി, കമ്മിഷൻ വ്യാപാരം ഇവയിലൂടെ ധനാഗമം ഉയരും. സമ്പാദ്യശീലം വർദ്ധിക്കും. ജീവിതശൈലീരോഗങ്ങളെ മരുന്നിലൂടെ ക്രമീകരിക്കാനാവും. ശാസ്ത്ര, വൈജ്ഞാനിക രംഗങ്ങളിൽ മികവ് പുലർത്തും. പൂർവ്വകാല സഹപാഠികളെ കാണുവാനും ബന്ധം ദൃഢമാവാനും അവസരം ഭവിക്കും. ചെറുപ്പക്കാരുടെ പ്രണയം സഫലമാവുന്നതാണ്. പുതിയ ബിസിനസിന്റെ രൂപരേഖ തയ്യാറാക്കും. എന്നാൽ വലിയ തോതിൽ പണം മുടക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. വാഹനം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തണം. ജൂൺമാസത്തിനുശേഷം വലിയ മുതൽ മുടക്കാവശ്യമുള്ള സംരംഭങ്ങളിൽ ഏർപ്പെടാതിരിക്കുന്നത് ഉത്തമം. ആരോഗ്യപരമായും കരുതൽ വേണ്ടതുണ്ട്.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി










