
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
അവിട്ടം
മകരക്കൂറുകാർക്ക് ഏറെ അനുകൂലമായ കാലഘട്ടമാണ്. കുംഭക്കൂറുകാർക്ക് രാഹു-ശനി എന്നിവ ദുരിതപ്രദന്മാരാവും. വിഷുഫലത്തിൽ അവിട്ടത്തിന് ദോഷാനുഭവങ്ങളാണ് അധികവും പ്രവചിക്കപ്പെടുന്നത്. കൃത്യനിർവ്വഹണത്തിൽ വീഴ്ചകൾ വരാം. പൂർണ്ണമായ സമർപ്പണം ഉണ്ടെങ്കിൽ മാത്രമേ ഉദ്യോമങ്ങളിൽ വിജയം നേടാൻ കഴിയൂ! സഹായവാഗ്ദാനങ്ങൾ ലംഘിക്കപ്പെടും. സമയോചിതമായ ഇടപെടലുകൾക്ക് കഴിയാതെ വന്നേക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ ചതി പറ്റാതിരിക്കാൻ തികഞ്ഞ ജാഗ്രത ആവശ്യമാണ്. പുറമെ നിന്നുള്ള ശത്രുവല്ല, പലപ്പോഴും താൻ തന്നെ തനിക്ക് ശത്രുവാകുന്ന സ്ഥിതിയുണ്ടാവും. വിദ്യാർത്ഥികൾക്ക് ആലസ്യം ഭവിക്കാം. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. കിടമത്സരങ്ങളിൽ നിന്നും പിന്തിരിയുക ഉചിതമായിരിക്കും.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











