
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
അത്തം
നവസംരംഭങ്ങളിൽ വളർച്ച വന്നുചേരും. ബിസിനസ് വിപുലീകരണം സാധ്യമാകുന്നതാണ്. അന്യദേശത്ത്- വിദേശത്ത് ജോലിക്ക് അവസരം ലഭിക്കാം. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കാൻ സന്നദ്ധത കാട്ടും. ആത്മവിശ്വാസം തുണയുണ്ടാവും. പുതിയ ഭാഷ, സാങ്കേതിക വിഷയങ്ങൾ എന്നിവ പഠിക്കാൻ സാധിക്കും. അവയുടെ പ്രയോജനം കൈവരും. വിപണനതന്ത്രങ്ങൾ ഫലം കാണുന്നതാണ്. സത്യസന്ധമായ പ്രവർത്തനങ്ങൾ സമാദരിക്കപ്പെടും. വിദേശത്ത് പഠിപ്പ്/ തൊഴിൽ അവസരം ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിൽ നിന്നും ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാനിടയുണ്ട്. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കലാസാഹിത്യ പ്രവർത്തനങ്ങൾ അഭംഗുരമാവും. ആരോഗ്യകാര്യങ്ങളിൽ സാമാന്യം തൃപ്തിയുണ്ടാവും.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











