
ഏതൊരു ആഘോഷമായാലും ഓണമായാലും വിഷു ആയാലും എന്റെ വീട്ടിൽ അതിന് ചില ചിട്ടവട്ടങ്ങളുണ്ട്... ഓരോ ആഘോഷങ്ങളുടെയും ആചാരങ്ങളെ കൈവിടാതെ മുറുകെ പിടിച്ചുകൊണ്ടാണ് അത് ആഘോഷിക്കപ്പെടുന്നത്.
ആ ശീലങ്ങളും ആചാരങ്ങളും എല്ലാം ഇന്നും ഞങ്ങളുടെ വീട്ടിൽ തുടരുന്നുണ്ട്. എന്റെ അച്ഛനാണിപ്പോൾ അതിനെല്ലാം നേതൃത്വം നൽകുന്നത്.
ഗായികയും നർത്തകിയും ചലച്ചിത്രനടിയും മോഡൽ ഗേളുമായ ശ്വേതാപൂർണ്ണിമയാണ് ഇത് പറഞ്ഞത്.
ശ്വേത തുടർന്നു.
'ഞങ്ങളുടേത് ഒരു ജോയിന്റ് ഫാമിലി ആയിരുന്നു. അച്ഛാച്ഛൻ, അമ്മമ്മ, അച്ഛൻ, അമ്മ, എന്റെ ഇളയ അനുജൻ അപ്പൂസ്, അച്ഛന്റെ അനുജനും ഫാമിലിയും അനിയത്തിയും ഫാമിലിയും... ഇങ്ങനെ എല്ലാവരും ഒന്നിച്ചായിരുന്നു മുൻപ് ഞങ്ങളുടെ താമസം.'
വിഷുവിനെല്ലാം നല്ല നിറമുള്ള ഓർമ്മകളാണ് മനസ്സിലുള്ളത്. പ്രധാനമായും വെളുപ്പിനെയുള്ള വിഷുക്കണി ദർശനം, അമ്പലത്തിൽ പോകുക, വിഷുക്കോടി ധരിക്കുക, വിഷുക്കൈനീട്ടം... വിഷുക്കട്ട കഴിക്കുക.... ഇങ്ങനെ വിഷു അനുഭവങ്ങൾക്ക് നല്ല നിറവും നല്ല പകിട്ടും ഉണ്ട്.
അച്ഛമ്മ ഞങ്ങളെ വെളുപ്പിന് എഴുന്നേൽപ്പിച്ച് കണ്ണുകൾ പൂട്ടി പൂജാമുറിക്കുള്ളിൽ കൊണ്ടുവന്ന് കൃഷ്ണവിഗ്രഹത്തിന് മുമ്പിൽ നിർത്തും. അവിടെ കണി ഒരുക്കി വച്ചിട്ടുണ്ടാകും. കൃഷ്ണഭഗവാന്റെ കഴുത്തിൽ മുല്ലപ്പൂമാല ചാർത്തിയിട്ടുണ്ടാകും. ഓട്ടുരുളിയിൽ അരിയും ചക്കയും മാങ്ങയും തുടങ്ങി എല്ലാ വിഭവങ്ങളും ഉണ്ടാകും. കണിക്കൊന്നപ്പൂക്കൾ വച്ച് അലങ്കരിച്ചിട്ടുണ്ടാകും.
വിഷുക്കോടിയുടുത്ത് വീടിനടുത്തുള്ള അമ്പലത്തിൽ പോയി പ്രാർത്ഥിച്ചുകഴിയുമ്പോൾ അമ്പലത്തിൽ നിന്നും കിട്ടും ഒരു നാണയത്തുട്ട്. ആ കൈനീട്ടവുമായി വീട്ടിൽ വന്നുകഴിയുമ്പോൾ അച്ഛന്റെയും അമ്മയുടെയും വക കൈനീട്ടം തരും. ഏറ്റവും മുതിർന്നവർ ആണ് താഴെ പ്രായമുള്ളവർക്കെല്ലാം കൈനീട്ടം കൊടുക്കുന്നത്.
എനിക്ക് വിഷു ആയാൽ വിഷുക്കട്ട കഴിക്കുന്നതാണ് ഏറ്റവും ഇഷ്ടം. അച്ഛമ്മയും അമ്മയും കൂടിയാണ് വിഷുക്കട്ട ഉണ്ടാക്കിയിരുന്നത്. വിഷുക്കട്ട ശർക്കരപാനിയും കൂട്ടി കഴിച്ചുകഴിഞ്ഞാൽ... ഹൊ.... പിന്നെനിക്ക് വേറൊന്നും വേണ്ട... വിഷുസദ്യയേക്കാൾ എനിക്കിഷ്ടം വിഷുക്കട്ട കഴിക്കുന്നതുതന്നെയാണ്.
മൂന്നുവയസ്സുള്ളപ്പോൾ തന്നെ ഞാൻ ഡാൻസ് പഠിച്ചുതുടങ്ങിയിരുന്നു. ഗുരുവായൂരിൽ വച്ചായിരുന്നു ഡാൻസിന്റെ അരങ്ങേറ്റം നടന്നത്. ആദ്യം ഗായത്രിമാം, പിന്നെ നീതു, മിനി എന്നിവരാണ് ഗുരു. ഭരതനാട്യവും കുച്ചിപ്പുഡിയും പഠിച്ചിട്ടുണ്ട്.
പിന്നെ, പാട്ടും പഠിച്ചിരുന്നു. അത് എന്നിൽ അറിയാതെ വന്ന കഴിവാണ്. അച്ഛൻ പാടുമായിരുന്നു. അച്ഛന്റെ പാട്ടുകളൊക്കെ കേട്ടാണ് എനിക്കും പാട്ടിനോട് ഒരിഷ്ടം തോന്നിത്തുടങ്ങിയത്. അച്ഛന്റെ കസിൻ സിസ്റ്ററായ സുലഭാന്റിയാണ് പാട്ടിൽ എന്റെ ഗുരു(അമൃതാസുരേഷിന്റെ വല്യമ്മയാണ് സുലഭാന്റി.)
കോളേജ് പഠനകാലം ടിക്-ടോക്കിന്റെ ഒരു കാലം കൂടിയായിരുന്നു. ഒരു വിഭാഗം ആളുകൾ ടിക്-ടോക്കിനെ എതിർത്തുപറയുന്നുണ്ടെങ്കിലും എനിക്കത് നല്ലൊരു വഴിത്തിരിവ് ഉണ്ടാക്കിത്തന്നു എന്നുവേണം പറയുവാൻ. ചെറിയ പോക്കറ്റ് മണിയും കിട്ടിത്തുടങ്ങിയിരുന്നു. ആളുകൾ പലരും എന്നെ തിരിച്ചറിയാനും തുടങ്ങി.
പിന്നീട് ഞാൻ മിസ് കേരളയിൽ(2020) പങ്കെടുത്തു. ഇൻസ്റ്റയിലുമൊക്കെ എന്നെ കണ്ടുതുടങ്ങിയപ്പോൾ കേരളത്തിലെ പല പ്രമുഖ ബ്രാൻഡ്‌സും അതുകാണുകയും അവരുടെ മോഡലാകാൻ എന്നെ വിളിക്കുവാനും തുടങ്ങി. അങ്ങനെ സ്റ്റെപ്പ് ബൈ സ്റ്റെപ്പായിട്ടായിരുന്നു എന്റെ യാത്ര. ശീമാട്ടി, ജോയ്ആലുക്കാസ്, ലുലു, മഹാലക്ഷ്മി സിൽക്ക്‌സ്, ഓപ്പൊ, ഡാർക്ക് ഫാന്റസി, യാഡ്‌ലി, ക്വാളിറ്റി ഫുഡ്‌സ്... തുടങ്ങി ഏകദേശം നൂറോളം കമ്പനികൾക്കുവേണ്ടി, അല്ലെങ്കിൽ സ്ഥാപനങ്ങൾക്കുവേണ്ടി ഞാൻ മോഡലായി പ്രവർത്തിച്ചിട്ടുണ്ട്.
എഞ്ചിനീയറിംഗിനുശേഷം ബാംഗ്ലൂരിൽ രണ്ടുവർഷം ജോലി ചെയ്തതിന് ശേഷമാണ് ഞാൻ മോഡലിംഗ് രംഗത്തും ഡബ്ബിംഗ് രംഗത്തും ഒക്കെ സജീവമായത്. ആമസോണിന്റെ മൂന്ന് വർക്ക് ചെയ്തു.
എന്റെ ഒരു ഫ്രണ്ട് എന്റെ സ്റ്റിൽസ് ഓഡിഷന് കൊടുത്തതുവഴി ഓഡിഷന് വിളിച്ചു. അങ്ങനെ ഞാൻ സാഹസം എന്ന സിനിമയിൽ അഭിനയിച്ചു. ചെറിയ റോളാണ്. രാസാത്തി ഫ്രം തെങ്കാശിയിൽ നായകന്റെ ചേച്ചിയുടെ റോളിൽ അഭിനയിച്ചു. ദുൽഖർ, ഐശ്വര്യലക്ഷ്മി, മംമ്താമോഹൻദാസ് എന്നിവരോടൊപ്പം ആഡ് ഫിലിം ചെയ്തിരുന്നു. ആൾ കേരള ലുലു ബ്യൂട്ടിയായി ഫസ്റ്റ് റണ്ണർ അപ്പ് നേടി. ബിഹൈൻഡ് വുഡ്‌സ് എന്ന യൂ ട്യൂബ് ചാനൽ മോഡൽസിന് വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് മോഡലായി എന്നെ തെരഞ്ഞെടുത്തിരുന്നു.
കുടുംബത്തെക്കുറിച്ച്.?
അച്ഛൻ ശ്യാം, ബി.എസ്.എൻ.എല്ലിൽ ഡി.ജി.എം ആയിരുന്നു. അമ്മ കവിത ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറായി കെ.എസ്.ഇ.ബിയിൽ വർക്ക് ചെയ്യുന്നു. അനുജൻ അപ്പൂസ്. മോഡലുമാണ്. സിനിമയിലും അഭിനയിക്കുന്നുണ്ട്.
Photo Courtesy - അർജുൻ ദേവ്, പാലക്കാട്