
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
വിശാഖം
വിഷു സംക്രമഫലം അനുസരിച്ച് വിശാഖം നാളുകാർക്ക് ഗുണക്കുറവുള്ള കാലമാണ്. മുൻപെടുത്ത തീരുമാനങ്ങളിൽ നിന്നും പിൻമാറിയേക്കും. വസ്തുക്കൾ സംബന്ധിച്ച വ്യവഹാരം വിചാരിച്ചതുപോലെ പര്യവസാനിക്കണമെന്നില്ല. ആത്മവിശ്വാസത്തിന് കുറവ് വരാം. ചെറിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ നിർബന്ധം ചെലുത്തേണ്ട സ്ഥിതിയുണ്ടായേക്കും. മേലധികാരികളുടെ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞേക്കില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം. കൂട്ടുബിസിനസുകൾ കരുതിയ പോലെ ആദായകരമാവില്ല. അന്യദേശത്തുനിന്നും ജന്മദേശത്തേക്ക് വരാനും പുതുസംരംഭങ്ങൾ തുടങ്ങാനും കുറച്ചുകൂടി കാത്തിരിപ്പ് ആവശ്യമാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാവും. കലഹങ്ങളിൽ മൗനം പാലിക്കുക. ചെറുകിട സംരംഭകർക്ക് വ്യാപാരം വിപുലീകരിക്കാനായേക്കും. കഫജന്യ രോഗങ്ങൾക്കും ഉദരരോഗത്തിനും വൈദ്യസഹായം വേണ്ടി വരാം.
ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി











