
കാർഷിക സമൃദ്ധിയുടെ പാരമ്പര്യ സ്മരണകളുയർത്തി മലയാളികൾ വിഷു ആഘോഷിക്കുന്നു. കാർഷിക കലണ്ടർ അനുസരിച്ച് പുതുവർഷാരംഭമാണ് മേടം ഒന്ന്. എല്ലാ മലയാളികൾക്കും കേരള ശബ്ദത്തിന്റെ വിഷുദിനാശംസകൾ
പ്രകൃതിയും മനുഷ്യനും ഒന്ന് ചേർന്ന് വിഷു ആഘോഷിക്കാനായി നേരത്തേ തന്നെ സംസ്ഥാനത്തെ കണിക്കൊന്നകൾ പൂത്തിരുന്നു. വിളവെടുത്ത കാർഷിക വിഭവങ്ങൾ ചേർത്തുവെച്ച് ഒരുക്കിയ കണിയോടെയാണ് മലയാളികളുടെ വിഷുദിനം ആരംഭിക്കുന്നത്. വിഷു കണിയും വിഷുകൈനീട്ടവും ഉൾപ്പെടെ നിരവധി ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഈ ദിവസവുമായി ബന്ധപ്പെട്ടുള്ളത്.
കണികാണൽ തന്നെയാണ് വിഷു ആചാരങ്ങളിൽ ഏറ്റവും പ്രധാനം. വരാനിരിക്കുന്ന ഒരു വർഷത്തിന്റെ മുഴുവൻ പ്രതീക്ഷയാണു കണ്ണിനു പൊൻകണിയായി ഉരുളിയിലൊരുക്കുന്നത്. കാർഷിക കലണ്ടർ അനുസരിച്ച് പുതുവർഷപുലരിയാണ് വിഷു. വിളവെടുപ്പെല്ലാം കഴിഞ്ഞ് മണ്ണിനെ പുതിയ കൃഷിക്കായി ഇനി തയ്യാറാക്കും. മേടം പത്തിന് വിത്തുവിതച്ചാൽ നൂറുമേനി കൊയ്യാം എന്നാണ് വിശ്വാസം.