
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യ്ക്ക് വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്നപേരിലാണ് തിരുവഞ്ചൂരിനെ കുടുക്കാൻ ശ്രമിച്ചത്. വാട്സാപ്പ് വഴിയാണ് തട്ടിപ്പു സംഘം തിരുവഞ്ചൂരിനെ ബന്ധപ്പെട്ടത്. മുംബൈയിൽ രജിസ്റ്റർചെയ്തൊരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നായിരുന്നു സംഘം പറഞ്ഞത്.
ഹിന്ദിയും ഇംഗ്ലീഷും കലർത്തിയായിരുന്നു സംഘത്തിന്റെ സംസാരം. അതിനാൽതന്നെ തട്ടിപ്പാണെന്ന് വ്യക്തമായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. വിളിച്ചവരിലൊരാൾ പൊലീസുദ്യോഗസ്ഥന്റെ വേഷത്തിൽ നിൽക്കുന്നത് തിരുവഞ്ചൂരിന്റെ സ്റ്റാഫംഗങ്ങൾ കണ്ടിരുന്നു.
ഭീഷണിയെത്തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. വിളിച്ച നമ്പർ കേന്ദ്രീകരിച്ചും സ്ഥലം കേന്ദ്രീകരിച്ചും അന്വേഷണമാരംഭിച്ചതായി ഡി.ജി.പി. ഓഫീസ് അറിയിച്ചു. സൈബർ സെൽ ആണ് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.











