
ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമാകുന്നത്. ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ താരമാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന് വിരാമമിടുന്നതായി കോലി ആരാധകരെ അറിയിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ടീം പ്രഖ്യാപനം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും താരം വിടപറഞ്ഞിരുന്നു. അതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞതോടെ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കാണാനാകുക ഏകദിന മത്സരങ്ങളിൽ മാത്രമാകും.
ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ച കോലി, അതിൽ 68 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. ഇത്രയും മത്സരങ്ങളിൽനിന്ന് 46.85 ശരാശരിയിൽ 9230 റൺസാണ് കോലിയുടെ സമ്പാദ്യം.











