
കണ്ണൂരിൽ പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ക്യാംപിനകത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തിയ സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം പതിനാറിന് നടന്ന സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രതികൾ തന്നെ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികൾ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ക്യാംപിനകത്ത് പ്രവേശിച്ചത്.
ക്യാംപിനകത്ത് കയറിയ യുവാക്കൾ യുവതിയെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണു ധന്യ എന്ന് പേരുള്ള യുവതിയെ വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തണമെന്നുമാണ് വിഡിയോയിലെ സംഭാഷണങ്ങളിലുള്ളത്. ശേഷം സ്ഥലത്തെത്തിയ യുവതിക്ക് സർപ്രൈസായി പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു.
ദൃശ്യം പ്രചരിച്ചതിനു പിന്നാലെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തുടർന്ന് പ്രതികൾ പൊലീസുദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ക്യംപിനകത്ത് കയറിയതെന്നു വ്യക്തമായി. കണ്ടാലറിയാവുന്ന 5 പേർക്കെതിരെയാണ് ടൗൺ പൊലീസ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.











